മലക്കപ്പാറ: വാൽപ്പാറയ്ക്കടുത്ത് നാലുവയസുകാരനെ കൊന്ന പുലി കെണിയിൽ. വനംവകുപ്പ് വച്ച കൂട്ടിലാണ് ഇന്നു പുലർച്ചെ 4.30ന് പുലി കുടുങ്ങിയത്. പുലി കൊലപ്പെടുത്തിയ കുട്ടിയുടെ മൃതദേഹം കിടന്നിരുന്നതിന് സമീപത്തുവച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലർച്ചെ പുലിയുടെ അലർച്ച കേട്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പുലി കെണിയിൽപെട്ടു കിടക്കുന്നത് ആദ്യം കണ്ടത്. ഉദ്യോഗസ്ഥർ കൂടിനു സമീപത്ത് ക്യാന്പ് ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് കെണി പൂർണമായും ഷീറ്റുകൊണ്ട് മറച്ചു.
തമിഴ്നാട്ടിൽനിന്നുള്ള സീനിയർ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരുമെത്തി പുലിയെ വിശദായി പരിശോധിച്ചശേഷമേ തുടർനടപടികളുണ്ടാകൂ. പുലിയ കാട്ടിലേക്കു തന്നെ വിടണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. കാട്ടിലേക്കു വിട്ടാൽ വീണ്ടും പുലി കാടിറങ്ങി നാട്ടിലെത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
അതുകൊണ്ട് പുലിയെ തമിഴ്നാട്ടിലെ മൃഗശാലയിലേക്കു മാറ്റാനുള്ള സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്. ഈ മേഖലയിൽ ഇനിയും പുലികളുണ്ടെന്നും കൂടുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ടുദിവസം മുൻപ് പുലി ഈ ഭാഗത്ത് വന്നിരുന്നുവെങ്കിലും കെണിയിൽ പെട്ടിരുന്നില്ല. രണ്ടു കൂടുകളാണ് പുലിയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. ഇരയായി കൂട്ടിൽ പട്ടിയെയും കെട്ടിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് എസ്റ്റേറ്റ് തൊഴിലാളികളായ മുഷറഫലിയുടെയും സബിയയുടെയും മകൻ സൈദുള്ളയെ പുലി കൊന്നത്. തേയിലത്തോട്ടത്തിലെ ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. അമ്മ കുളിപ്പിച്ചതിനുശേഷം അടുക്കളവാതിലിനടുത്താണ് കുട്ടിയെ നിർത്തിയിരുന്നത്. അമ്മ അടുക്കളയിലേക്കു മാറിയ സമയം തോട്ടത്തിൽനിന്നു വന്ന പുലി കുട്ടിയെയും കൊണ്ട് ഓടിമറഞ്ഞു.
ഇതുകണ്ട് അമ്മ കരഞ്ഞ് ബഹളംവച്ചപ്പോൾ നാട്ടുകാർ പന്തങ്ങളും ടോർച്ചുകളും ആയുധങ്ങളുമായി തോട്ടത്തിൽ തെരച്ചിലാരംഭിച്ചു. രാത്രി തലയും ഉടലും വേർപെട്ട നിലയിൽ രണ്ടിടത്തുനിന്നായി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിൽനിന്ന് 350 മീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്.
കഴിഞ്ഞ കുറെ കാലമായി ഈ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്കിടയിൽ പത്തിൽ അധികം കുട്ടികളെയാണ് പുലി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. നാലു പുലികളെ ഈ മേഖലയിൽ നിന്നു പിടികൂടി വനത്തിൽ വിട്ടിരുന്നു.