കോട്ടയം: ആളും ബഹളവും കാഴ്ചകളും ഓർമകളും ഒരേ താളത്തിൽ ഒഴുകുന്ന അനുഭവം കിട്ടാൻ വലിയ കാറോ എസിയുടെ തണുപ്പോ കട്ടയ്ക്ക് പാട്ടോ ഒന്നും വേണ്ട.
ആരും ശല്യപ്പെടുത്താത്ത സുരക്ഷിതമായ കെഎസ്ആർടിസി ബസിന്റെ വിൻഡോ സൈഡ് സീറ്റ് മാത്രം മതി. ചുരുങ്ങിയ ചിലവിൽ കാനന സൗന്ദര്യം നുകരാൻ പാലാക്കാർക്കും ഇനി കെഎസ്ആർടിസിയുടെ ടൂർ ബസ്.
വെറും 525 രൂപ മുടക്കിയാൽ ചാലക്കുടി, വാഴച്ചാൽ, അതിരപ്പള്ളി വഴി മഞ്ഞണിഞ്ഞ മലക്കപ്പാറ കേരള അതിർത്തിയിലെ കാനന കഴ്ച്ചകൾ മനം കുളിർക്കെ കണ്ടു യാത്ര ചെയ്യാം.
ഡീലക്്സ് ബസിലാകും യാത്ര. എല്ലാ ഞായറാഴ്ചയും രാവിലെ 6.30നു പുറപ്പെടും വിധമാണു സർവീസ്.
യാത്രക്കാർ നൽകിയ നിവേദനത്തെയും ഇടപെടലുകളെയും തുടർന്നാണു ടൂർ ബസ് സൗകര്യം ലഭ്യമാക്കിയത്. യാത്ര മുൻകൂർ റിസർവ് ചെയ്യാം.
ആതിരപ്പള്ളി വ്യു പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷേളയാർ ഡാം വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ബസ് നിർത്തി കാഴ്ചകൾ കാണാനും ഫോട്ടോ ഷൂട്ടിനും അവസരം നൽകും.
മലക്കപ്പാറ അഥവാ മാലാഖപ്പാറ എന്ന സ്ഥലം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്റർ ഉയരത്തിലാണ്. ചാലക്കുടിയിൽനിന്നും 80 കിലോമീറ്റർ ദൂരമുണ്ട്.
എണ്ണപ്പനത്തോട്ടങ്ങളും വെള്ളച്ചാട്ടവും കാടും പുൽമേടും തേയിലത്തോട്ടങ്ങളും കടന്നു പോകുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങൾ യാത്രയിലുടനീളം കാണാൻ കഴിയും.
കേരളത്തിലെ സുന്ദരമായ റോഡ് ട്രിപ്പുകളിൽ ഒന്നാണ് മലക്കപ്പാറ യാത്ര.
ചുരങ്ങളും കാടും മലയും പ്രകൃതിയുടെ സൗന്ദര്യവും കിളികളുടെ മൂളലും പുഴകളുടെ താളവും കണ്ട് ആസ്വദിക്കുന്ന ഒരു ഫീലാണ് ഈ ബസ് യാത്രയുടെ പ്രത്യേകത.
ആനയും മറ്റു വന്യമൃഗങ്ങളും മിക്കവാറും റോഡുകളിൽ തന്നെ കാണാവുന്നതാണ്. യാത്രയിൽ വൈകുന്നേരമുള്ള മഞ്ഞുവീഴ്ചയും ആസ്വദിച്ച് തിരിച്ചുവരാൻ സാധിക്കും. യാത്രക്ക് ഇന്നു മുതൽ ബുക്കിംഗ് നടത്താം. 04822 212250