ഇസ്ലാമാബാദ്: നോബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയെ വെടിവച്ച സംഭവത്തിലെ സൂത്രധാരനായ താലിബാൻ ഭീകരൻ ഇഹ്സാനുള്ള ഇഹ്സാൻ പാക്കിസ്ഥാൻ ജയിലിൽനിന്നും രക്ഷപെട്ടു.
സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശത്തിലൂടെ ജയിൽനിന്നും പുറത്തുചാടിയ വിവരം ഇഹ്സാനുള്ള തന്നെയാണ് വെളിപ്പെടുത്തിയത്.
ജനുവരി 11 ന് പാക്കിസ്ഥാൻ സുരക്ഷാ സേനയുടെ തടവറയിൽനിന്നും രക്ഷപെട്ടതായാണ് ഇഹ്സാനുള്ള വെളിപ്പെടുത്തിയിരിക്കുന്നത്. 2017 ൽ താൻ കീഴടങ്ങിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ പാക് സുരക്ഷാ സേനയ്ക്കായില്ലെന്നും അതിനാലാണ് തടവ് ചാടിയതെന്നും ഇഹ്സാനുള്ള പറയുന്നു. എന്നാൽ ഇപ്പോൾ എവിടെയുണ്ടെന്ന വിവരം ഇയാൾ പങ്കുവച്ചിട്ടില്ല.
മലാലയ്ക്കു നേരെയുണ്ടായ വെടിവയ്പിനു പുറമെ 2014 ൽ 132 കുട്ടികളെ കൂട്ടക്കുരുതിക്ക് ഇടയാക്കിയ പേഷാവാർ സ്കൂൾ വെടിവയ്പിനു പിന്നിലും ഇയാളായിരുന്നു.