ഇസ്ലാമാബാദ്: താലിബാൻ ഭീകരരുടെ കൈയിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നൊബേൽ സമ്മാന ജേത്രി മലാല യൂസഫ് സായ് പാക്കിസ്ഥാനിൽ തിരിച്ചെത്തി. ആറു വർഷത്തിനു ശേഷമാണ് മലാല പാക്കിസ്ഥാനിലെത്തുന്നത്. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ കാരണങ്ങളാൽ മലാലയുടെ പാക്കിസ്ഥാൻ സന്ദർശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മലാല പാക്കിസ്ഥാനിൽ തിരിച്ചെത്തിയാൽ വധിക്കുമെന്ന് താലിബാൻ നേരത്തേ ഭീഷണിയുയർത്തിയിരുന്നു. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവർത്തിച്ച മലാലയെ 2012 ഒക്ടോബറിലാണ് താലിബാൻ ഭീകരർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ മലാല പിന്നീട് ലണ്ടനിൽ ചികിത്സതേടുകയും ആരോഗ്യം വീണ്ടെടുത്തശേഷം അവിടെത്തന്നെ വിദ്യാഭ്യാസം ചെയ്തുവരികയുമാണ്.