മണർകാട്: ഒടുവിൽ അതും സംഭവിച്ചു. മണർകാട് ക്രൗണ്‍ ക്ലബിൽനിന്നും ലക്ഷങ്ങളുടെ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ ക്ലബ് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനുശേഷമാണു മണർകാട് പോലീസ് കേസെടുത്തത്.
ക്രൗണ്‍ ക്ലബ് സെക്രട്ടറി മണർകാട് സ്വദേശി മാലം സുരേഷ് (കെ.വി. സുരേഷ്), പ്രസിഡന്റ് വി.എം. സന്തോഷ് എന്നിവർക്കെതിരെയാണു കേസെടുത്തതെന്നു മണർകാട് പോലീസ് പറഞ്ഞു. ഇരുവരുടെയും ഉന്നത ബന്ധങ്ങൾ ചർച്ചയായതോടെ സംഭവം വിവാദമായിരുന്നു.
പോലീസ് വ്യക്തമായ രേഖകൾ ശേഖരിച്ചാണു കേസെടുത്തത്. ക്രൗണ്‍ ക്ലബ് ഭാരവാഹികളെ കണ്ടെത്താൻ രജിസ്ട്രാർ ഓഫീസിലും വില്ലേജ് ഓഫീസിലും പഞ്ചായത്തിലും പോലീസ് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കേസ്.
പോലീസിനും ഗുണ്ടാസംഘത്തെ ഭയമാണെന്നാണു നാട്ടുകാരുടെ ആരോപണം. രാഷ്ട്രീയ, ജനപ്രതിനിധി ഉന്നത ബന്ധങ്ങളുള്ള സംഘത്തിനെതിരെ കേസെടുത്താൽ പോലീസിനും നടപടി ഭയന്നാണു കേസെടുക്കാൻ വൈകിയതെന്നാണു നാട്ടുകാരുടെ ഭാഷ്യം. നടത്തിപ്പുകാർക്കെതിരെ കേസ് എടുക്കാൻ വൈകിയത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.
അതേസമയം മണർകാട്ടെ ക്രൗണ്‍ ക്ലബിലെ ചീട്ടുകളി നടത്തിപ്പിൽ സഹായിക്കുന്നത് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും ഒരു യുവതിയുമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്..
ക്ലബ് നടത്തുന്ന വ്യക്തിയെ സഹായിക്കുന്നതു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും യുവതിയുമാണെന്ന് പറയുന്നു. ചീട്ടുകളിയിൽനിന്നും ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നത് ഇവരാണ്. സുരേഷിന്റെ വിശ്വസ്തരായ ഇവരാണു സാന്പത്തിക കണക്കുകൾ കൈകാര്യം ചെയ്യുന്നത്.
ഏതാനും നാൾ മുന്‍പ് സുരേഷിനെതിരെ ആരോപണം ഉയർന്നപ്പോൾ ഈ യുവതി രംഗത്തെത്തിയിരുന്നു. ബ്ലേഡ് പലിശയ്ക്കു പണം നൽകിയശേഷം കെട്ടിടങ്ങൾ വസൂലാക്കുന്ന സുരേഷിന്റെ നയങ്ങൾ വലിയ സംഘർഷത്തിലേക്കു നീങ്ങിയിട്ടുണ്ട്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് റിട്ടയേർഡ് പോലീസുകാരനും യുവതിയുമാണെന്നു പറയുന്നു.