കോട്ടയം: മണർകാട് ചീട്ടുകളി സങ്കേതത്തിൽനിന്ന് പിടികൂടിയ 17.8 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ആരംഭിക്കുന്പോൾ ജില്ലയിലും സമീപ ജില്ലകളിലുമുള്ള വന്പൻ സ്രാവുകൾ സംശയത്തിനു മുന്നിലേക്ക്.
എൻഫോഴ്സ് അന്വേഷണത്തിനായി കേസിന്റെ ഇതുവരെയുള്ള വിവരങ്ങളും പ്രതികളുടെ പട്ടികയുമുൾപ്പടെയുള്ള രേഖകൾ പോലീസ് ഉടൻ കൈമാറും.
കോടികളുടെ ഇടപാട് നടക്കുന്ന ചീട്ടുകളി സങ്കേതത്തിന്റെ നടത്തിപ്പുകാരും റെയ്ഡ് ദിനത്തിൽ 45പേരും കൂടാതെ മുന്പ് വന്നു പോയവരുമെല്ലാം അന്വേഷണ പരിധിയിലേക്കെത്തും.
നടത്തിപ്പുകാരൻ മാലം സുരേഷിന്റെയും ബാക്കി ഇടപാടുകാരുടെയും സാന്പത്തിക ഉറവിടം സംബന്ധിച്ചു സമഗ്രമായ അന്വേഷണമാണ് നടത്താനൊരുങ്ങുന്നത്.
കണക്കിൽപ്പെടാത്ത കള്ളപ്പണമാണ് ചീട്ടുകളി കളത്തിൽ ഇറക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ച വിവരം. ചീട്ടുകളി നടത്തിപ്പുകാരന്റെ ബ്ലേഡ് മാഫിയ ബന്ധം, റിയൽ എസ്റ്റേറ്റ് ഇടപാടുകളും അന്വേഷണ പരിധിയിലെത്തും.
തമിഴ്നാട് സ്വദേശിയായ ഒരു മതനേതാവിന്റെയും ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റേതുമുൾപ്പെടെ നിരവധിയാളുകളുടെ കണക്കിൽപ്പെടാത്ത പണം ഇയാളുടെ പക്കലുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഈ പട്ടികയിലുണ്ട്.
എൻഫോഴ്സിനു പുറമേ ഇന്റലിജൻസ് അന്വേഷണവും ഇയാളെ ചുറ്റിപ്പറ്റി നടക്കുന്നതിനാൽ വലിയ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. അതേസമയം, ക്രൗണ് ക്ലബിൽ പണംവച്ചു ചീട്ടുകളി പിടിച്ച സംഭവത്തിൽ സെക്രട്ടറി മാലം സുരേഷിനു വേണ്ടി മന്ത്രിയുടെ ഓഫീസിൽനിന്ന് ഇടപെടലുണ്ടായിട്ടുണ്ട്.
ഏതാനും വർഷങ്ങളായി കോടികളുടെ കൈമാറ്റമാണ് മണർകാട്ടെ ചീട്ടുകളി സങ്കേത്തിൽ ദിവസവും നടന്നുവന്നിരുന്നത്. അതിനു മണർകാട്ടെ പോലീസ് ഉദ്യോസ്ഥരും കുടപിടിച്ചതോടെയാണ് വന്പൻ സ്രാവായി മാലം സുരേഷ് വളർന്നത്.
സ്റ്റേഷനിൽ ആരൊക്കെ ഉദ്യോഗസ്ഥരായി തുടരണമെന്നു തീരുമാനിക്കുന്ന വിധത്തിലേക്കായിരുന്നു മാലം സുരേഷിന്റെ ഇടപെടൽ. മന്ത്രി തലത്തിലുള്ള സ്വാധീനത്തിലൂടെ തന്റെ സഹായികളായ പോലീസുകാരെ മാലം സുരേഷിന്റെ ആവശ്യപ്രകാരം സ്റ്റേഷനിൽ നിയമിച്ചിരുന്നു.