കോട്ടയം: ചീട്ടുകളി കേസിൽ മണർകാട് സ്റ്റേഷനിലെ പോലീസുകാരുടെ ‘രഹസ്യ’ ഫോണ് നന്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം.
സ്റ്റേഷനിലെ കൂടുതൽ പോലീസുകാർ മാലം സുരേഷിന്റെ പക്കൽനിന്ന് മാസപ്പടി വാങ്ങുന്നതായും ഇയാൾക്കു വഴിവിട്ട സഹായം ചെയ്തു നല്കുന്നതായുമുള്ള വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തി ലാണ് പോലീ സുകാരുടെ ഫോൺ നന്പർ കേന്ദ്രീകരിച്ച് അന്വേഷണം.
എസ്എച്ച്ഒ ആർ. രതീഷ്കുമാറും ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷും തമ്മിലുള്ള ഫോണ് സംഭാഷണം വലിയ വിവാദങ്ങ ൾക്ക് വഴിതെളിച്ചിരുന്നു.
ആദ്യഘട്ട അന്വേഷണത്തിൽ സ്റ്റേഷനിലെ അഞ്ചു പോലീസുകാർക്ക് രഹസ്യ ഫോണുള്ളതായി കണ്ടെത്തി. മാസപ്പടി വാങ്ങുന്ന പോലീസുകാർ രഹസ്യ ഫോൺ വഴി ആവശ്യമായ വിവരങ്ങൾ മാലം സുരേഷിനു കൃത്യമായി ചോർത്തിക്കൊടുക്കുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു.
അതേസമയം രതീഷ്കുമാറുമായുള്ള മാലം സുരേഷിന്റെ ഫോണ് സംഭാഷണം പുറത്തുവന്നതോടെ പോലീസുകാർ രഹസ്യ ഫോണുകൾ ഉപേക്ഷിച്ചതായിട്ടാണ് സൂചന.
എന്നാൽ അന്വേഷണ സംഘത്തിന് ഫോണ് നന്പറുകൾ ലഭിച്ചതായും സൈബർ സെല്ലുമായി ബന്ധപ്പെട്ട് മാലം സുരേഷിനെ വിളിച്ചിരിക്കുന്നവരെ കണ്ടെത്താനും ശ്രമം നടത്തിവരികയാണ്. കൂടുതൽ പോലീസുകാർക്കു രഹസ്യ ഫോണുകൾ ഉണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നു.
റെയ്ഡ് നടന്നതിനുശേഷം മഹസർ ഉൾപ്പെടെ തയാറാക്കിയതിനുശേഷം പോലീസുകാർ മാലം സുരേഷിനെ ഫോണിൽ വിളിച്ചു വിവരങ്ങൾ ചോർത്തി നൽകിയ തായിട്ടാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. റെയ്ഡ് നടക്കുന്നതിനു മുന്പു ഇവർ മാലം സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരുന്നതേയുള്ളൂ.
കഴിഞ്ഞ 11നു മണർകാട് ക്രൗണ് ക്ലബിൽ നടത്തിയ റെയ്ഡിൽ മണർകാട് സ്റ്റേഷനിലെ പോലീസുകാരെ ഒഴിവാക്കിയിരുന്നു. റെയ്ഡ് വിവരങ്ങൾ മുന്പും ചോരുന്നതു കണക്കിലെടുത്താണ് മണർകാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സംഭവം അറിയിക്കാതിരുന്നത്.
ഇതിനു പുറമേ ചീട്ടുകളി ക്ലബിൽ നിന്നും പിടിച്ചെടുത്ത സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും പിടികൂടിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി വരികയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി മണർകാട് സ്റ്റേഷനിലേക്കു എസ്എച്ച്ഒ ഉൾപ്പടെയുള്ള പോലീസുകാരെ നിയമിക്കുന്നതിൽ മാലം സുരേഷും ഇയാളുടെ അടുപ്പക്കാരനായ ഭരണകക്ഷിയിലെ നേതാവും ഇടപെട്ടിരുന്നതായും ആരോപണമുണ്ട്.
ചീട്ടുകളി കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ ഇന്നലെ മണർകാട് സ്റ്റേഷനിലെ നിരവധി പോലീസുകാരുടെ മൊഴി രേഖപ്പെടുത്തി. നാളെ മുതൽ ചീട്ടുകളി കേന്ദ്രത്തിൽനിന്ന് പിടികൂടിയവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
തുടർന്നായിരിക്കും അന്വേണം സംഘം ചീട്ടുകളി നടന്ന ക്ലബിലെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രത്തിൽ എത്തിയിരുന്ന പണത്തിന്റെ ഉറവിടം സംബന്ധിച്ചു എൻഫോഴ്സമെന്റ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.