മണർകാട്: ഉന്നതർ കൈവിട്ടതോടെ മാലം സുരേഷിന്റെ നില പരുങ്ങലിൽ. മാലത്തിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് സംഘം എത്തിയിട്ടുണ്ട്.
സാന്പത്തികമായി വലിയ പിൻബലമില്ലാതിരുന്ന മാലം സുരേഷ് പലിശയ്ക്കു പണം നൽകുന്ന പരിപാടികളോടെയാണു രംഗത്ത് എത്തുന്നത്. പല ബിനാമി ആൾക്കാരും വൻതുക ചെറിയ പലിശയ്ക്കു സുരേഷിനു നൽകിയിരുന്നു.
ഈപണം വലിയ തുകയ്ക്കു പലിശയ്ക്കു നൽകിയാണു സുരേഷിന്റെ വളർച്ച തുടങ്ങുന്നത്. എന്നാൽ വൻ തുക നൽകിയ ഒരു വ്യവസായിയുമായി സുരേഷ് പിണങ്ങുകയും പണം തിരികെ നൽകാതിരുന്നതുമാണു ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് തുടക്കമെന്നു പറയുന്നു. രാഷ്ട്രീയ നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ചീട്ടുകളി നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷിനെക്കുറിച്ചും ചീട്ടുകളി കേന്ദ്രത്തിൽ മറിഞ്ഞിരുന്ന കോടിക്കണക്കിനു രൂപയെക്കുറിച്ചും എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പണത്തിന്റെ വരുമാനമാർഗം ബോധ്യപ്പെടുത്താനായില്ലെങ്കിൽ നിയമനടപടിയിലേക്കു നീങ്ങും.
പാരന്പര്യസ്വത്തുക്കളോ, വ്യവസായ സംരംഭങ്ങളോ ഇല്ലാത്ത മാലം സുരേഷിന്റെ വളർച്ച ആരെയും അന്പരപ്പിക്കും. കഴിഞ്ഞ 10 വർഷത്തിനിടയിലാണ് ഈ അഭൂതപൂർവമായ വളർച്ച.
കേസന്വേഷണത്തിന്റെ ആദ്യഘട്ടമായി കൊച്ചിയിലെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിൽനിന്നും കോട്ടയം ജില്ലാ പോലീസ് ചീഫിനോട് കേസിന്റെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു. ചീട്ടുകളി കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈ എസ്പി ജെ. സന്തോഷ്കുമാർ കേസിന്റെ പൂർണ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് എൻഫോഴ്സ്മെന്റിന് ഉടൻ കൈമാറും.
ചീട്ടുകളിക്ക് എത്തിയിരുന്നവർക്ക് ലക്ഷക്കണക്കിനു രൂപ പലിശയ്ക്കു നല്കിയിരുന്നു. മാലം സുരേഷിന്റെ അനധികൃത സാന്പത്തിക ഇടപാടുകളെക്കുറിച്ചു നിരവധി പരാതികളാണ് ഉയർന്നിരുന്നത്. ഇത്തരം പരാതികളെല്ലാം എൻഫോഴ്സ്മെന്റ് അന്വേഷണ പരിധിയിൽ വന്നക്കും.
ഉന്നത രാഷ്ട്രീയ, പോലീസ് ബന്ധങ്ങളുള്ള മാലം സുരേഷിനെതിരേ ഇതുവരെ നടപടികളൊന്നുമുണ്ടായിരുന്നില്ല. ചീട്ടുകളി കേന്ദ്രത്തിൽനിന്നും പിടിച്ചെടുത്ത 18 ലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ചും ചീട്ടുകളി കേന്ദ്രത്തിൽ നിക്ഷേപം നടത്തിയിരുന്നവരെക്കുറിച്ചും എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തും.