കോട്ടയം: അനധികൃത പണമിടപാടുകാരൻ മാലം സുരേഷ് വീടിനോടു ചേർന്ന് നികത്തിയ പാടത്തിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്നു പൂർത്തിയായേക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ റവന്യു, പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് പാടം നികത്തി മണ്ണ് നീക്കം ചെയ്യുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഉദ്യോഗസ്ഥ സംഘം ജെസിബിയും ടിപ്പർ ലോറികളുമായി എത്തി മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചത്. അര ഏക്കർ പാടമാണ് മണ്ണിട്ട് ഉയർത്തിയത്. ഇതു സമീപത്തെ നെൽകൃഷിക്കു തടസമായതോടെയാണ് സ്വകാര്യ വ്യക്തികൾ പരാതി നല്കിയത്. മണ്ണിട്ട് ഉയർത്തിയ നെൽപ്പാടം പൂർവസ്ഥിതിയിലാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
2012ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മണർകാട് മാലം വാവത്തിൽ കെ.വി. സുരേഷ് (മാലം സുരേഷ്) വീട് നിർമിച്ച് താമസം തുടങ്ങിയതോടെ ഈ വീട് നിർമിച്ചത് പാടം നികത്തിയാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തികൾ ജില്ലാ ഭരണകൂടത്തിനും റവന്യു അധികൃതർക്കും പരാതി നൽകി.
വില്ലേജ് അധികൃതരും കൃഷി വകുപ്പും നടത്തിയ പഠനത്തിൽ കയ്യേറ്റം കണ്ടെത്തുകയായിരുന്നു. മണ്ണ് നീക്കം ചെയ്തു പാടം പുനസ്ഥാപിക്കണമെന്ന് ആർഡിഒ റിപ്പോർട്ട് നൽകി. എന്നാൽ ജില്ലാ കളക്ടർമാർ റിപ്പോർട്ട് നടപ്പാക്കാൻ തയാറായില്ല. ഇതോടെയാണ് പരാതിക്കാരായ കർഷകർ ഹൈക്കോടതിയെ സമീപിച്ചത്.
പിന്നീട് ഹൈക്കോടതി സ്ഥലം പൂർവസ്ഥിതിയിലാക്കാൻ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും നിർദേശം നൽകി. 2016 ആയിട്ടും ഇത് നടപ്പാക്കാൻ സർക്കാർ തയാറായില്ല. സ്ഥലത്ത് പാടം പുനസ്ഥാപിക്കുന്നതിനു സർക്കാരിന്റെ പക്കൽ പണമില്ലെന്നായിരുന്നു വാദം. ഇതേത്തുടർന്നു പരാതിക്കാർ തന്നെ പണം കെട്ടിവയ്ക്കാൻ തയാറാണെന്നറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാർ പണം കെട്ടി വയ്ക്കുകയും സ്ഥലം ഉടമയിൽനിന്നും പണം തിരികെ പിടിച്ചു നൽകിയാൽ മതിയെന്നു കോടതി നിർദേശിക്കുകയും ചെയ്തു. ജില്ലാ ഭരണകൂടം സ്ഥലം തിരികെ പിടിക്കാൻ നടപടിയെടുത്തില്ല.
ഇതേത്തുടർന്നു അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ലാ കളക്ടറെ വിളിച്ചു വരുത്തേണ്ടി വരുമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഇതോടെയാണ് സ്ഥലം ഏറ്റെടുക്കുന്നതിനു നടപടിയെടുത്തത്. പാടത്ത് നിന്നുമെടുക്കുന്ന മണ്ണ് മണർകാട് കവലയിലെ പഞ്ചായത്ത് വക സ്ഥലത്തേക്കാണ് മാറ്റുന്നത്.