കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിൽ റിമാന്‍ഡിലായ മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി. സുരേഷിന്റെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലോ? ജില്ലയിലെ വിവിധ രാഷ്ട്രീയ നേതാക്കളുമായി മാറിമാറി വ്യക്തിബന്ധം പുലര്‍ത്തിയ സുരേഷിനെ ഇതുവരെ സംരക്ഷിച്ചത് ആരെന്ന ചോദ്യവും ഉയരുന്നു. ജില്ലയിലെ മുതിർന്ന ഇടതുപക്ഷനേതാവുമായി അടുത്തബന്ധം സ്ഥാപിച്ച സുരേഷിന്റെ വളർച്ച കള്ളുഷാപ്പ് വ്യവസായത്തിലൂടെയായിരുന്നു.
പള്ളിക്കത്തോട് ആനിക്കാട്ടെ ബിസിനസുകാരനുമായുള്ള ബന്ധം വഷളായത് സുരേഷിനു വലിയ ആഘാതമായി. പിന്നീട് പൂഞ്ഞാര്‍ വഴി ചോറ്റിയിലേക്ക് ഇടപാടുകള്‍ മാറ്റിയതോടെ നിരവധി പരിശോധനകളും നേരിടേണ്ടിവന്നു സുരേഷിന്. യുഡിഎഫ് ഭരണകാലത്ത് പോലീസ് അന്വേഷണത്തില്‍നിന്നു രക്ഷപ്പെട്ട സുരേഷ്, പിന്നീട് ഇടതുനേതാക്കളുമായി ബന്ധം അവസാനിപ്പിച്ച് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായി ബന്ധം ആരംഭിച്ചു. ഇതിനിടയിലാണു വലിയ അന്വേഷണമെന്ന രീതിയില്‍ ഇപ്പോള്‍ അറസ്റ്റും റിമാന്‍ഡും.
ചങ്ങനാശേരിയില്‍ ബഹുനില കെട്ടിടത്തിന്റെ കച്ചവടവുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് മണര്‍കാട്ടെ പെട്രോള്‍ പമ്പ് ആക്രമണവും സമീപത്തെ കെട്ടിട കച്ചവടവുമായി ബന്ധപ്പെട്ടും കേസുകളുണ്ടായിരുന്നു. മണര്‍കാട് കേന്ദ്രീകരിച്ചു നടത്തിയ ചീട്ടുകളികേന്ദ്രം വൻസന്നാഹവുമായെത്തിയാണ് പോലീസ് റെയ്ഡ് നടത്തിയത്. മണര്‍കാട് സ്റ്റേഷനിൽ അറിയിക്കാതെ ജില്ലാ പോലീസ് നടത്തിയ റെയ്ഡ് വലിയ വിവാദമായിരുന്നു.
ഇന്നലെ നടത്തിയ റെയ്ഡില്‍ അനുവദനീയമായ അളവിൽക്കൂടുതൽ വിദേശമദ്യം വീട്ടിൽ സൂക്ഷിച്ചതിനാണ് പേലീസ് കേസെടുത്തത്. 17 ലിറ്റര്‍ വിദേശമദ്യമാണ് സുരേഷിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത്. കോടിക്കണക്കിനു രൂപയുടെ സാന്പത്തിക ഇടപാടുകളുടെ രേഖകളും തോക്കും പിടിച്ചെടുത്തതായും പറയപ്പെടുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടര്ന്നുണ്ടായ രാഷ്ട്രീയ മാറ്റമാണ് ഇപ്പോഴത്തെ റെയ്ഡിനു പിന്നിലെന്നും സൂചനയുണ്ട്.