കോട്ടയം: മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനുമായുള്ള രഹസ്യബന്ധം തുറന്നു സമ്മതിച്ചതോടെ മണർകാട് എസ്എച്ച്ഒയ്ക്കെതിരെ വകുപ്പ് തലത്തിൽ കടുത്ത നടപടിയുണ്ടായേക്കും.
ഇന്നലെയാണ് ചീട്ടുകളിക്കു മണർകാട് പോലീസ് ഒത്താശ ചെയ്തുവെന്നും റെയ്ഡ് വിവരങ്ങൾ പോലീസുകാർ തന്നെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കു ചോർത്തി കൊടുത്തുവെന്നും കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു മുന്‍പാകെ മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാർ സമ്മതിച്ചത്.
പുറത്തുവന്ന ഫോണ്‍ സംഭാഷണം താനും മാലം സുരേഷുമായി തമ്മിൽ നടത്തിയതാണെന്ന് എസ്എച്ച്ഒ സമ്മതിച്ചിട്ടുണ്ട്. മണർകാട് പോലീസ് ചീട്ടുകളി കേന്ദ്രത്തിനു കുടപിടിക്കുകയായിരുന്നുവെന്ന ആരോപണം എസ്എച്ച്ഒയുടെ കുറ്റസമ്മതത്തോടെ സ്ഥിരീകരിച്ചിരിക്കുകയാണ്.
ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ ജില്ലാ പോലീസ് ചീഫ് എസ്എച്ച്ഒയെ ചീട്ടുകളി കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും നീക്കിയിരുന്നു. എസ്എച്ച്ഒയ്ക്കെതിരെയുള്ള റിപ്പോർട്ട് ജില്ലാ പോലീസ് ചീഫ് ജി. ജയദേവ് കൊച്ചി റേഞ്ച് ഐജിക്കു സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ എസ്എച്ച്ഒയ്ക്കെതിരെ സസ്പെൻഷൻ അടക്കമുള്ള വകുപ്പ്തല നടപടികൾ ഉണ്ടായിട്ടില്ലായിരുന്നു. മാലം സുരേഷുമായിട്ടുള്ള ബന്ധം എസ്എച്ച്ഒ രതീഷ് കുമാർ തുറന്നു സമ്മതിച്ച സാഹചര്യത്തിൽ ഉടൻ തന്നെ ഇയാൾക്കെതിരെയും മണർകാട് സ്റ്റേഷനിലെ ഏതാനും പോലീസുകാർക്കെതിരെയും നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
സംഭവമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും രതീഷ്കുമാറിനെതിരേ നടപടി ഉണ്ടാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഭരണകക്ഷിയിൽ നിന്നുള്ള ഉന്നത ഇടപെടലിലാണ് ഇയാൾക്കെതിരേ നടപടി വൈകിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.
മാലം സുരേഷിനു വേണ്ടപ്പെട്ട ഭരണകക്ഷിയിൽപ്പെട്ട ഉന്നതനാണ് എസ്എച്ച്ഒയ്ക്ക് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. രതീഷ്കുമാറിനു പുറമേ മണർകാട് പോലീസ് സ്റ്റേഷനിലെ നാല് സിവിൽ പോലീസ്് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്നലെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി രേഖപ്പെടുത്തിയിരുന്നു.
ടോക്കണ്‍ നല്‍കിയാണ് ഇവിടെ ചീട്ടുകളി നടന്നിരുന്നതെന്നും ടോക്കണ്‍ നല്‍കുന്നതിന് ആനുപാതികമായിട്ടുള്ള പണം മറ്റൊരു സ്ഥലത്താണ് സൂക്ഷിച്ചിരുന്നതെന്നും പോലീസുകാരും സമ്മതിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ തന്നെ ടോക്കണ്‍ നല്‍കിയാണ് ക്ലബിൽ ചീട്ടുകളി നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തന്റെ മറ്റു സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്ത പണമാണ് പോലീസ് ക്ലബിൽ എത്തിച്ചശേഷം ചീട്ടുകളി കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തതെന്ന് മാലം സുരേഷ് മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലും പറഞ്ഞിരുന്നു.
ഇതിനു പുറമേ ചീട്ടുകളി കേന്ദ്രത്തിൽ നിന്നും പിടികൂടിയ 43 പ്രതികൾക്കു ഹാജരാകാൻ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 30നു ഇവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
തുടർന്നു പോലീസ് സംഘം വീണ്ടും ചീട്ടുകളി നടന്ന മണർകാട് ക്രൗണ്‍ ക്ലബിൽ പരിശോധന നടത്തുകയും ചെയ്യും. മാലം സുരേഷ് നൽകിയ ഹർജി പരിഗണിക്കുന്നതു കോടതി 30ലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.
ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരിൽ നിന്നും ചില ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുകയും റെയ്ഡ് വിവരങ്ങൾ ചോർത്തി കൊടുക്കുകയും ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോര കണ്ടെത്തിയിരുന്നു.