കോട്ടയം: മണർകാട്ടെ ചീട്ടുകളിക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മണർകാട് എസ്എച്ച്ഒയ്ക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങിയതിൽ പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം പുകയുന്നു.
ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും മണർകാട് എസ്എച്ച്ഒയായിരുന്നു ആർ. രതീഷ്കുമാറും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഫോണ് സംഭാഷണം പുറത്തു വന്നതോടെ ചീട്ടുകളിക്കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു മുന്നിൽ എസ്എച്ച്ഒ മാഫിയ ബന്ധം തുറന്നു സമ്മതിച്ചിട്ടും ഇയാളെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.
ഇതാണ് പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധത്തിനിടയാക്കിയത്. റെയ്ഡ് നടത്തിയതിന്റെ പേരിലുണ്ടായ ഫോണ് സംഭാഷണത്തിൽ രതീഷ്കുമാർ പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്തിനെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
സഹപ്രവർത്തകനെ പരസ്യമായി കുറ്റപ്പെടുത്തി പോലീസ് സേനയ്ക്കു മുഴുവൻ കളങ്കമുണ്ടാക്കിയ രതീഷ്കുമാറിനെതിരെ സസ്പെഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. എന്നാൽ ഉന്നത സ്വാധീനത്തിലാണ് ഇയാൾക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടകാരനുമായ മാലം സുരേഷിനു ഭരണക്ഷക്ഷിയിലെ പ്രമുഖരുമായിട്ടുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്. ചില നേതാക്കൻമാരൊടൊപ്പം മാലം സുരേഷ് നില്ക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
ഇയാളുടെ വീട്ടിൽ പല നേതാക്കൻമാരും നിത്യ സന്ദർശകരായിരുന്നുവെന്നും പറയപ്പെടുന്നു. രാഷ്്ട്രീയക്കാർക്കൊപ്പം പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും മാലം സുരേഷിന്റെ അടുപ്പക്കാരാണ്.
ഇയാൾക്കൊപ്പം പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനു ബിസിനസ് പങ്കാളിത്തമുണ്ടെന്നും ആരോപണമുണ്ട്. അതേസമയം മാലം സുരേഷ് നല്കിയിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.
ജാമ്യപേക്ഷയിലുള്ള കോടതിയുടെ തീരുമാനം അറിഞ്ഞശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുകയെന്ന് പോലീസ് പറയുന്നു.