ടി.പി. സന്തോഷ്കുമാർ
പെൺകുട്ടിയുടെ ദുരൂഹമരണത്തിനു പിന്നാലെ ചോദ്യം ചെയ്യലിന്റെ പരന്പരയാണ് അരങ്ങേറിയത്. ലയത്തിലെ താമസക്കാരും നാട്ടുകാരുമായ 120 പേരെ ചോദ്യംചെയ്തു. ഇത്രയും പേരെ ചോദ്യം ചെയ്ത ശേഷം അതിൽനിന്ന് അവസാനം നാലു പേരെ കസ്റ്റഡിയിലെടുത്തു.
ഇവരെ കൂടുതൽ വിശദമായി ചോദ്യം ചെയ്തതിനു ശേഷം യഥാർഥ പ്രതിയിലേക്കു പോലീസ് എത്തി. നാട്ടിലെ പൊതുരംഗത്തും സംഘടനാപ്രവർത്തനത്തിലുമൊക്കെ സജീവമായ അർജുൻ ആണ് പ്രതിയെന്നു പോലീസ് കണ്ടെത്തിയതിനു പിന്നിൽ പല കാരണങ്ങളുണ്ടായിരുന്നു.
എവിടെ ആയിരുന്നു?
ആദ്യം പെണ്‍കുട്ടിയുടെ മാതാപിതാക്കളിൽനിന്നാണ് പോലീസ് വിവരങ്ങൾ തേടിയത്. അവർക്ക് ആരെയെങ്കിലും സംശയമുണ്ടോ? പെൺകുട്ടി തനിയെ ചെയ്തതാകാൻ മറ്റെന്തെങ്കിലും സാഹചര്യങ്ങളുണ്ടോ എന്നൊക്കെ മാതാപിതാക്കളോടു ചോദിച്ചു.
എന്നാൽ, മാതാപിതാക്കൾക്കു മരണത്തിൽ മറ്റു സംശയങ്ങൾ ഇല്ലായിരുന്നു. കളിക്കിടെയുണ്ടായ അപകടത്തിൽ സംഭവിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു ആ മാതാപിതാക്കൾ. കുട്ടിയെ വഴക്കു പറയുന്പോൾ ഫോണെടുത്തു ഷാൾ പുതച്ചു സമാനമായ രീതിയിൽ മുറിക്കുള്ളിൽ കയറി ഇരിക്കുന്നതു പതിവാണെന്ന അനുഭവവും ഇവർ പങ്കുവച്ചു.
മുപ്പതാം തീയതി ഉച്ചയ്ക്കു രണ്ടു മുതൽ 2.30 വരെയുള്ള സമയം ലയത്തിലെ താമസക്കാർ എവിടെയായിരുന്നു എന്നതായിരുന്നു പോലീസിന്റെ തുടർന്നുള്ള അന്വേഷണം. ഈ അന്വേഷണത്തിൽ ബാക്കിയുള്ള മുഴുവൻ ആളുകളും എവിടെയായിരുന്നുവെന്ന വിവരം ലഭിച്ചു. ആ ആളുകൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് അതതു സ്ഥലങ്ങളിൽ അന്വേഷിച്ചു പോലീസ് ഉറപ്പുവരുത്തി.
ഒരാൾ മാത്രം
എന്നാൽ, ഒരാൾ മാത്രം താൻ എവിടെയായിരുന്നു എന്നതിനെക്കുറിച്ചു വ്യക്തമായ വിവരം പറഞ്ഞില്ല. ചുരക്കുളം എസ്റ്റേറ്റിലെ പ്രധാന ലയത്തിലെ മുഴുവനാളുകളെയും മൂന്നുതവണ പോലീസ് ചോദ്യംചെയ്തു. എന്നാൽ, ഒാരോ തവണ ചോദ്യം ചെയ്യുന്പോഴും അർജുൻ നൽകിയ മൊഴികളിൽ ചെറിയ മാറ്റമുണ്ടായിരുന്നു
. അന്നേ ദിവസം കുട്ടിയെ കണ്ടിട്ടില്ലെന്നും കൂട്ടുകാരുമൊത്തു മുടി വെട്ടുകയായിരുന്നു എന്നുമാണ് അർജുൻ പറഞ്ഞിരുന്നത്. ഇതു പോലീസിനു സ്ഥിരീകരിക്കാനായില്ല. മാത്രമല്ല, മറ്റൊരു നിർണായക മൊഴി അയൽവീട്ടുകാർ നൽകുകയും ചെയ്തു.
അന്നേദിവസം ഉച്ചയ്ക്ക് ഒന്നോടെ ഇയാൾ കുട്ടിയുമായി സംസാരിക്കുന്നതു കണ്ടെന്നായിരുന്നു സമീപ വീട്ടുകാരുടെ മൊഴി. അതോടെ കുട്ടിയെ കണ്ടിട്ടില്ലെന്നു പറഞ്ഞ അർജുൻ സംശയത്തിന്റെ നിഴലിൽ ആയി.
ഒന്നും അറിയാത്ത പോലെ!
പോലീസിന്റെ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ തെല്ലും കൂസാതെയായിരുന്നു അർജുൻ മറുപടികൾ നൽകിയത്. ഒരു തരത്തിലും സംഭവവുമായി ബന്ധമില്ലെന്നു വരുത്താൻ കരുതിക്കൂട്ടിയുള്ള കൃത്യമായ മറുപടികളാണ് ഇയാൾ പോലീസിനു നൽകിയത്.
എന്നാൽ, ഇതിനിടെ പ്രതിയെക്കുറിച്ചു പോലീസ് പ്രദേശത്തു സമാന്തര അന്വേഷണം നടത്തിയിരുന്നു. സംഭവത്തിനു ശേഷം ഒന്നുമറിയാത്തതു പോലെയായിരുന്നു മരണവീട്ടിലും ലയത്തിലും ഇയാൾ പെരുമാറിയിരുന്നത്.
പെണ്‍കുട്ടിയുടെ സംസ്കാരച്ചടങ്ങളിലും ഏറെ വിഷമത്തോടെയാണ് അർജുൻ പങ്കെടുത്തത്. പലപ്പോഴും പൊട്ടിക്കരയുകയും ചെയ്തു.
(തുടരും)