പത്തനംതിട്ട: വനപ്രദേശങ്ങളിൽ കഴിയുന്ന മലന്പണ്ടാര ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിന് പദ്ധതിയുമായി കുടുംബശ്രീ. പത്തനംതിട്ട ജില്ലയിലെ പെരുനാട്, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലാണ് മലന്പണ്ടാര വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി ഉള്ളത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ വനത്തിനുള്ളിൽ തന്നെ അലഞ്ഞുനടക്കുകയും വനവിഭവങ്ങൾ ശേഖരിക്കലുമാണ് ഇവരുടെ പ്രകൃതം.
വനവിഭവങ്ങൾ, കുടിവെള്ളം എന്നിവയുടെ ലഭ്യത, വന്യജീവികളുടെ സാന്നിധ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് മലന്പണ്ടാര വിഭാഗം വനത്തിനുള്ളിൽ ദേശാടനം നടത്തുന്നത്. ഈ വിഭാഗത്തിൽപെട്ടവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിനായി കുടുംബശ്രീക്ക് നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ 24 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് മലന്പണ്ടാര വിഭാഗത്തിന്റെ സുസ്ഥിര വികസനം കൂടിയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിനായി മലന്പണ്ടാര വിഭാഗങ്ങളെ കണ്ടെത്തി സമഗ്ര വിവരശേഖരണവും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയി്ട്ടുണ്ട്. 154 കുടുബങ്ങളാണ് മലന്പണ്ടാര വിഭാഗത്തിൽ ജില്ലയിൽ കഴിയുന്നത്. ഇതിൽ നിന്നും 65 കുടുംബങ്ങളെ വിവരശേഖരണത്തിന്റെ ഭാഗമായി കണ്ടെത്തി.
ഈ കുടുംബങ്ങളിലെ 330 പേരിൽ 115 പുരുഷന്മാരും, 120 സ്ത്രീകളും, 95 കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഓരോരുത്തരുടേയും പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, തൊഴിലധിഷ്ഠിത പരിശീലനം, നിലവിലെ തൊഴിൽ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരാണോ, വിവാഹിതരാണോ, പെൻഷൻ ലഭിക്കുന്നവരുണ്ടോ, ആധാർകാർഡ്, ഇലക്ഷൻ കാർഡ് ഇവയുണ്ടോ, രോഗങ്ങൾ, ഇവരുടെ ഉപജീവനമാർഗം, നേരിടുന്ന പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സമഗ്രസർവേ കുടുംബശ്രീ നടത്തിയത്. ഇതിൽ സ്വീകരിക്കേണ്ട കാര്യങ്ങൾക്കായുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സമഗ്ര വിവരശേഖരണം അടിസ്ഥാനമാക്കി ഒരു സോഫ്റ്റ്വെയറും കുടുംബശ്രീ തയാറാക്കിയിട്ടുണ്ട്. ഉൗരിലൊരു സിനിമ എന്ന പരിപാടിയും കുടുംബശ്രീ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. സിനിമയിലൂടെ ചുറ്റുപാടും നടക്കുന്നതും വനത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചും ഇവരെ ബോധവാന്മാരാക്കി സാമൂഹ്യജീവികളാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ആരോഗ്യപരിചരണം, വിനോദയാത്ര, പ്രശ്നങ്ങൾ മനസിലാക്കാനുള്ള അദാലത്തുകൾ, ഭക്ഷണവിതരണം, തുടർപ്രവർത്തനങ്ങൾ, വിലയിരുത്തലുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. മലന്പണ്ടാര വിഭാഗത്തിനായുള്ള പുനരധിവാസവും പദ്ധതിയിൽ ഉൾപ്പെടുത്താൻ കുടുംബശ്രീ ആലോചിക്കുന്നുണ്ട്.