മലന്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലന്പുഴയിലേക്കു വരുന്നവർ കന്നുകാലികളെ തെളിക്കാനും ധൈര്യമുള്ളവരാവണം.
റോഡിൽ കിടന്നു വിശ്രമിക്കുന്ന ഈ നാൽക്കാലികൾ എത്ര ഉച്ചത്തിൽ ഹോണ്‍ മുഴക്കിയാലും എഴുന്നേറ്റ് മാറില്ല.
ഞായറാഴ്ച്ച ഉച്ചയോടെ തോട്ടപ്പുര പരിസരത്തെ നടുറോഡിൽ കിടന്ന പശുക്കളെ എഴുന്നേൽപ്പിച്ചു വിടാൻ കാർ യാത്രിക ഏറെ പണിപ്പെട്ടു. ഒടുവിൽ പരിസരവാസികളും ചേർന്നാണ് ഇവറ്റകളെ മാറ്റിയത്.
ഐ.ടി.ഐ ജംഗ്ഷൻ, കവിത ഓഡിറ്റോറിയം, എസ്.പി.ലെയിൻ പരിസരം എന്നിവടങ്ങളിലായി നാലു കിലോമീറ്റർ അടക്കിവാഴുന്നത് നാൽക്കാലികളാണ്.
രാത്രിയിൽ മഴയും കൂടി ആയാൽ റോഡിൽ കിടക്കുന്ന കന്നുകാലികളെ കാണാതെ ഇരുചക്രവാഹനക്കാർക്ക് പരിക്കു പറ്റുന്നത് സ്ഥിരം പതിവാണെന്നും പല തവണ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടീട്ടും ഫലമില്ലെന്നും നാട്ടുകാർ ആരോപിച്ചു.
രണ്ടു വർഷം മുന്‍പു് റോഡിൽ കിടക്കുന്ന പശുവിന്റെ മേൽ വീണ് കൊന്പുതുളച്ചു കേറി ഇരുചക്ര യാത്രക്കാരനായ മലന്പുഴ സ്വദേശിയായ യുവാവു മരിച്ചിരുന്നു.
കഞ്ചിക്കോട് കന്പനികളിലേക്ക് നൈറ്റ് ഷിപ്റ്റ് ജോലിക്ക് പോകുന്നവരും ജോലി കഴിഞ്ഞു് വരുന്നവരും അപകടത്തിൽ പെടുന്നവരിൽ ഉൾപ്പെടും.
അർദ്ധരാത്രി യിൽ നടക്കുന്ന അപകടം പരിസരവാസികൾ അറിയുകയില്ലാത്തതിൽ ചിലപ്പോൾ അപകടത്തിൽ പെടുന്നവർ മണിക്കൂറുകളോളം കിടക്കേണ്ടി വന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
റോഡിലേക്ക് മേയാൻ വിടുന്ന ഉടമസ്ഥർക്കെതിരെ മുഖം നോക്കാതെയും രാഷ്ട്രീയം നോക്കാതേയും ശക്തമായനിയമ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.