മലമ്പുഴ: കഴിഞ്ഞദിവസം മുണ്ടൂരിൽനിന്നു വനത്തിലേക്കു തുരത്തിയതെന്നു സംശയിക്കുന്ന കാട്ടാനസംഘം മലമ്പുഴ ഭാഗത്തെത്തി. ജനം ഭീതിയിൽ. മലമ്പുഴ ചെറാട് ഭാഗത്തും എസ്പി ലൈൻ പരിസരത്തുമായാണ് മൂന്നു കാട്ടാനകൾ ചൊവ്വാഴ്ച പുലർച്ചെ ഇറങ്ങി നാശം വിതച്ചത്.
ആദ്യം ചെറാട് ഭാഗത്തെത്തിയ കാട്ടാനകൾ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോയിൽ വില്പനയ്ക്കു വച്ചിരുന്ന പച്ചക്കറികൾ തിന്നു. ചെറാട് സ്വദേശി മനോഹരന്റേതാണ് ഓട്ടോയും പച്ചക്കറികളും. ഓട്ടോ തകർക്കുകയും ചെയ്തു. പിന്നീട് മലമ്പുഴ പ്രധാന റോഡിലേക്കു കടന്നശേഷം എസ്പി ലൈൻ ഭാഗത്തെ ഷെരീഫിന്റെ അജ്നീർ സ്റ്റോറും ചവിട്ടി തകർത്തു.
ഇവിടെ കടയുടെ മുന്നിലെ ഗ്രില്ലു തകർത്തശേഷം കടയ്ക്കുള്ളിലുണ്ടായിരുന്ന പഴക്കുലകളും പച്ചക്കറികളും തിന്നുതീർത്തു. കടയോടു ചേർന്നുള്ള വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ശബ്ദംകേട്ട് നോക്കിയപ്പോൾ ആനകൾ ഗ്രില്ലുതകർക്കുന്നതാണ് വീട്ടുകാർ കണ്ടത്. ഇതോടെ അവർ വീടിനു പിന്നിലൂടെയിറങ്ങി ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞു വനപാലകർ സ്ഥലത്തെത്തി കാട്ടാനകളെ തുരത്തിക്കൊണ്ടിരിക്കുകയാണ്.
കൊട്ടേക്കാട് പടലിക്കാട് ഉൗരോളി ഭാഗത്തക്കു കാട്ടാനകൾ നീങ്ങിയതായാണ് വിവരം. കഴിഞ്ഞദിവസങ്ങളിൽ കുങ്കിയാനകളുടെ സഹായത്തോടെയാണ് ഒരാഴ്ച നാട്ടിൻപുറത്ത് വിലസിനടന്ന കൊമ്പന്മാരെ മുണ്ടൂർ ഭാഗത്തുനിന്നു കാട്ടിലേക്കു കയറ്റിവിട്ടത്.
ധോണി വനമേഖലയിലൂടെ നീങ്ങിയ ഈ കാട്ടാനകൾതന്നെയാകാം മലമ്പുഴ ഭാഗത്തെത്തിയതെന്നാണ് സൂചന. നേരത്തെയിറങ്ങി വിലസിയിരുന്ന കാട്ടാനകൾക്ക് നാട്ടിൽനിന്നു തിരികെ പോകാൻ തീരെ താത്പര്യമുണ്ടായിരുന്നില്ല.
പലപ്പോഴും കാടിന്റെ വക്കുവരെയെത്തി വീണ്ടും ജനവാസ കേന്ദ്രത്തിലേക്കു തിരിച്ചുവന്നു നിലയുറപ്പിക്കുകയായിരുന്നു.