പാലക്കാട്: കാത്തുനിന്ന നൂറുകണക്കിനു കാണികളുടെ മനംകുളിർപ്പിച്ച് മലന്പുഴഡാം തുറന്നു. ഇന്നു രാവിലെ 11.35നാണ് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നത്. അണക്കെട്ടിന്റെ നാലു ഷട്ടറുകളും മൂന്നു സെന്റിമീറ്റർ വീതമാണ് തുറന്നത്.
നാലുവർഷത്തിനുശേഷം ആദ്യമായാണ് മഴക്കൂടുതല്‍ കാരണം ഡാം തുറന്നുവിട്ടത്. തുറന്നുവിട്ട വെള്ളം മുക്കൈപ്പുഴവഴി കല്പാത്തിപുഴയിലൂടെ ഒഴുകി പറളിയിൽനിന്ന് ഭാരതപ്പുഴയിലെത്തും. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഷട്ടറുകൾ തുറന്നതിനാൽ നദി മുറിച്ചുകടക്കരുതെന്നും നദിയിൽ കുളിക്കുകയോ തുണി നനയ്ക്കുകയോ കളിക്കുകയോ ചെയ്യരുതെന്നും, നദിക്കരയോടു ചേർന്നു താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുനല്‍കി.
പൊതുജനങ്ങൾ മുൻ കരുതലുകൾ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി അടിയന്തിരമായ നടപടികൾ സ്വീകരിക്കുന്നതിന്റെയും ഭാഗമായി റവന്യു വകുപ്പ് ജീവനക്കാർ അവധിയെടുക്കരുതെന്ന് ജില്ലാ കളക്ടർ ഇന്നലെ ഉത്തരവിട്ടിരുന്നു.
ജീവനക്കാർ അവരവരുടെ അധികാരപരിധിയിൽ തുടരേണ്ടതും അവധിയിൽ പോയവരുടെ അവധി റദ്ദു ചെയ്ത് തിരികെ ജോലിയിൽ പ്രവേശിക്കാനുളള നിർദേശവുമാണ് നല്‍കിയിട്ടുള്ളത്. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ നന്പറുകൾ- കളക്ടറേറ്റ്-0491 2505309, 0491 2505209, താലൂക്കുകളായ പാലക്കാട് 0491 2505770, ആലത്തൂർ – 0492 2222324, ചിറ്റൂർ- 04923 224740, ഒറ്റപ്പാലം – 0466 2244322, പട്ടാന്പി – 0466 2214300, മണ്ണാർക്കാട് 04924 222397.
മലന്പുഴ ഉദ്യാനത്തിൽ തൂക്കുപാലത്തിലേക്കു കടക്കാൻ വിനോദസഞ്ചാരികൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയൽ കാർഡുള്ള പ്രധാന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും മാത്രമാണ് തൂക്കുപാലത്തിൽ കയറാൻ അനുമതിയുള്ളത്.