വടക്കഞ്ചേരി: നോട്ടുനിരോധനത്തിനു പിന്നാലെയുണ്ടായ മാന്ദ്യവും പിന്നീടുവന്ന പ്രളയവും മലഞ്ചരക്ക് വിപണിയെ തളർത്തി. പ്രളയത്തെ തുടർന്ന് മലഞ്ചരക്ക് സാധനങ്ങളുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി.റബർ, കുരുമുളക്, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കപ്പ തുടങ്ങിയ വിളകളുടെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ മലഞ്ചരക്ക് വ്യാപാരിയായ എൽദോ പറഞ്ഞു.
ഉത്പാദനക്കുറവിനൊപ്പം വിലയിലും വലിയ കുറവുവന്നത് കർഷകരെയും ഏറെ പ്രതിസന്ധിയിലാക്കുകയാണ്.
കുരുമുളകിന് കഴിഞ്ഞവർഷം ഈ സീസണിൽ കിലോയ്ക്ക് 600 രൂപയുണ്ടായിരുന്നത് ഇപ്പോൾ 350 രൂപയായി കുറഞ്ഞു.
കുരുമുളകിന്റെ ഇറക്കുമതി കൂടിയതാണ് വിലകുറയാൻ കാരണമാകുന്നത്. റബർവിലയും ആശാവഹമല്ല. ടാപ്പിംഗ് നിർത്തുന്ന ജനുവരിയോടെ വിലയിൽ ചെറിയ വർധനവെങ്കിലും കച്ചവടക്കാരും കർഷകരും പ്രതീക്ഷിക്കുന്നു. കപ്പകൃഷിയിൽ വലിയ കുറവാണ് ഇക്കുറിയുണ്ടായിട്ടുള്ളത്.
കഴിഞ്ഞവർഷം കപ്പവില കുറഞ്ഞതും മലയോരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതും കപ്പകൃഷിയിൽനിന്നും കർഷകർ പിറകോട്ടു പോകുന്ന സ്ഥിതിയുണ്ടാക്കി. ഇതിനു പുറമേ തമിഴ്നാട്ടിൽനിന്നും നല്ലയിനം കപ്പ വിപണിയിലെത്തുന്നുമുണ്ട്. മീനാക്ഷിപുരം ഭാഗത്തെ കപ്പകഴിച്ചവർ പിന്നെ അതുതന്നെ വീണ്ടും വാങ്ങും.
പ്രളയത്തിൽ ഇഞ്ചി ചീഞ്ഞ് നശിച്ചതിനാൽ ഇഞ്ചിക്കും ചുക്കിനും ഇക്കുറി നല്ലവിലയുണ്ട്. ചുക്ക് കിലോയ്ക്ക് 250 രൂപവരെയുണ്ട്. കഴിഞ്ഞവർഷം ഇത് 120 രൂപയായിരുന്നു.