കാട്ടാക്കട : വയോധികയുടെ മാല പിടിച്ചു പറിച്ച നാടോടികളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി.
അറസ്റ്റിലായ പ്രതി സ്വയം മൂക്ക് ഇടിച്ചു പരിക്കേൽപ്പിച്ചു. കാട്ടാക്കട സർക്കാർ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിൽ മരുന്നു വാങ്ങാനായി എത്തിയ അമ്പലത്തിൻകാല ശശി ഭവനിൽ സരോജിനി (67 )ന്റെ മാലയാണ് തമിഴനാട്ടിലെ സേലം സ്വദേശികളായ നാടോടികളായ മൂവർ സംഘം പൊട്ടിക്കാൻ ശ്രമിച്ചത്.
വരിയുടെ പിന്നിലായി എത്തി വയോധികയെ വളഞ്ഞ സംഘത്തിൽ ഒരാൾ മാല പൊട്ടിക്കാനുള്ള ശ്രമം നടത്തി.
ഇത് അടുത്തു നിന്നയാൾ ശ്രദ്ധിക്കുകയും ഇയാൾ ബഹളം വയ്ക്കുകയും ചെയ്തതോടെ സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചു.
ആശുപത്രിയിൽ എത്തിയവരും ജീവനക്കാരും ഇവരുടെ പിന്നാലെ ഓടുകയും ആശുപത്രി പരിസരത്ത് നിന്നും റോഡിൽ എത്തുകയും ചെയ്തു.
തുടർന്ന് നാട്ടുകാരും സമീപ കടകളിലുള്ള വനിതകൾ ഉൾപ്പെടെ മൂവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു.
പിടിക്കപ്പെട്ടു എന്നു മനസിലായ ഇവരിൽ ഒരാൾ സ്വയം മൂക്കിനു ഇടിച്ചു രക്തം വരുത്തി ബോധക്ഷയം അഭിനയിച്ചു റോഡിൽ കിടന്നു.
പോലീസ് എത്തിയതോടെ നാട്ടുകാർ തങ്ങളെ മർദിച്ചു എന്നു ആരോപണം ഉന്നയിച്ച് സംഘം റോഡിൽ കിടപ്പായി.
സ്വയം പരിക്കേൽപ്പിച്ചു കിടന്നയാളെ ആശുപത്രിയിലേക്കും മറ്റു രണ്ടുപേരെ പോലീസ് സ്റ്റേഷനിലേക്കും മാറ്റി.
തമിഴനാട് സേലം ജില്ലയിലെ വേളൂർ മുരുകൻ കോവിലിനു സമീപം താമസം അനു(24), ഇവരുടെ ചേച്ചി ദേവി ( 38), സേലം മുരുകൻകോവിൽ ഡോർ നമ്പർ 18 താമസം വേലമ്മ (43) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
സംഭവം അറിഞ്ഞു സമാന അനുഭവം ഉണ്ടായവർ സ്റ്റേഷനിൽ എത്തി ഇവരെ തിരിച്ചറിഞ്ഞു.