കോട്ടയം: ബൈക്കിലെത്തി റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല പറിച്ച കേസിൽ പിടിയിലായ മൂന്നംഗ സംഘത്തെക്കുറിച്ചു പാലാ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 19നു രാവിലെ കൊല്ലപ്പള്ളി ചൈതന്യ റോഡിൽ വച്ചു ക്ഷേത്രത്തിലേക്കു പോവുകയായിരുന്ന പ്രദേശവാസിയായ കമലാക്ഷിയുടെ മാലയാണ് സംഘം പൊട്ടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ടു തലനാട് സ്വദേശികളായ മണാങ്കൽ എം.എസ് ജിസ് (38), കുന്പിളിങ്കൽ അരുണ് (21), ആനന്ദശേരിൽ സിയാദ് (33) എന്നിവരാണ് അറസ്്റ്റിലായത്.
മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ചുവന്ന പൾസർ ബൈക്കിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. മാല പൊട്ടിച്ചെടുത്തവർ ചുവന്ന പൾസർ ബൈക്കിലാണ് സഞ്ചരിച്ചതെന്ന് കമലാക്ഷി പോലീസിനോട് പറഞ്ഞിരുന്നു.
തുടർന്നു പോലീസ് പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെ ചുവന്ന പൾസർ പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു.
തുടർന്നു ഈ ബൈക്കിനെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രദേശത്തെ രണ്ടു സിസിടിവി കാമറകളിൽ നിന്നും ബൈക്ക് പോയത് തലനാട് ഭാഗത്തേക്കാണെന്ന് കണ്ടെത്തി.
ഈ പ്രദേശത്തുള്ള എല്ലാ ചുവന്ന പൾസർ ബൈക്കുകളും പോലീസ് പരിശോധിച്ചു. ഈ പരിശോധനയിലാണ് മാല മോഷ്ടാക്കളെ പിടികൂടിയത്.
ഈ മേഖലകളിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പിടിയിലായ സംഘം സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പാലാ ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ അനൂപ് ജോസ്, എസ്ഐമാരായ എം.ഡി. അഭിലാഷ്, തോമസ് സേവ്യർ, ഷാജി കുര്യാക്കോസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.