കടുത്തുരുത്തി: മാഞ്ഞൂർ കക്കത്തുമലയിലും തലയോലപ്പറന്പിലും നടന്നു പോവുകയായിരുന്ന വയോധികകളായ വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.
മാവേലിക്കര തെക്കേകര കല്ലുവെട്ടാംകുഴി വീട്ടിൽ ഉണ്ണികൃഷ്ണൻ (27), വിരികടവ് പെരുന്നാട് കൊച്ചഴിയത്തുപനയിൽ ശശി (44) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
വൈക്കം കോടതിയിൽ നിന്നും കടുത്തുരുത്തി പോലീസ് കസ്റ്റഡയിൽ വാങ്ങിയ പ്രതികളെ കടുത്തുരുത്തി സിഐ പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മോഷണം നടന്ന ഇരവിമംഗലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
പ്രതികളെ മാല നഷ്ടപെട്ട വീട്ടമ്മ തിരിച്ചറിഞ്ഞു. തലയോലപ്പറന്പിൽ മോഷണം നടന്നതിന് സമീപത്തെ സി സി ടിവികളിൽ നിന്നും പോലീസിന് മോഷ്ടാക്കളെ സംബന്ധിച്ചു വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു.
ഇതാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. ബൈക്കിലെത്തിയാണ് പ്രതികൾ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന വയോധികയുടെയും ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്ന വീട്ടമ്മയുടെയും സ്വർണമാലകൾ കവർന്നത്. കഴിഞ്ഞ മാസം 22 ന് രാവിലെയായിരുന്നു സംഭവം.
മാഞ്ഞൂർ ഇരവിമംഗലം ചാറവേലിൽ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (82) യുടെ രണ്ട് പവന്റെയും തലയോലപ്പറന്പ് കൃഷ്ണപ്രസാദം വീട്ടിൽ സുമ എം. നായരുടെയും (68) 2.1 പവന്റെ മാലകളാണ് പ്രതികൾ കവർന്നത്. പിന്നീട് എർണാകുളത്ത് വച്ചാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.
കോട്ടയം, എർണാകുളം ജില്ലകൾ ഉൾപെടെ സംസ്ഥാനത്തൊട്ടാകെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളവരാണ് പിടിയിലായ പ്രതികളെന്ന് പോലീസ് പറഞ്ഞു.
കടുത്തുരുത്തി പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ തലയോലപ്പറന്പ് പോലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ഇന്ന് തലയോലപ്പറന്പിൽ മോഷണം നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.
ഇതേസമയം കല്ലറ പെരുന്തുരുത്തിൽ വൃദ്ധദന്പതികൾ തനിച്ചു താമസിക്കുന്ന വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ വയോധികയുടെ മാല പൊട്ടിച്ചെടുത്ത സംഭവത്തിലും അന്വേഷണം ഉൗർജിതമായി പുരോഗമിക്കുയാണ്.
കഴിഞ്ഞ മാസം 20 ന് പുലർച്ചെ ഒന്നോടെ കല്ലറ പെരുന്തുരുത്ത് ബൈപ്പാസ് റോഡിലാണ് സംഭവം നടന്നത്. നിഷാഭവനത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഭവാനി (77) യുടെ മാലയാണ് പൊട്ടിച്ചത്.
ഇരുവരും എതിർത്തതോടെ മാല പൂർണമായും കൈക്കലാക്കാൻ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല. രണ്ടേകാൽ പവനോളമുണ്ടായിരുന്ന മാലയുടെ ഒരു പവനോളം ഭവാനിക്ക് തിരിച്ചു കിട്ടിയിരുന്നു. എന്നാൽ ഈ മോഷണത്തിന് പിന്നിൽ മറ്റൊരു സംഘമാണെന്നാണ് പോലീസിന്റെ നിഗമനം.