മാനത്തൂർ: മാനത്തൂരിലുടെയും സമീപ പ്രദേശങ്ങളിലുടെയും ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക. ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം നിങ്ങളുടെ പിന്നാലെയുണ്ടാകാം.
ഇന്നലെ ഉച്ചകഴിഞ്ഞു പാലാ-തൊടുപുഴ റോഡിലെ മാനത്തൂർ പെട്രോൾ പന്പിന് സമീപം പെട്ടിക്കട നടത്തുന്ന കുറ്റിപൂവത്തുങ്കൽ അമ്മിണി (65)യുടെ ഒരുപവൻ തൂക്കമുള്ള സ്വർണമാല ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം.
തൊടുപുഴ ഭാഗത്തുനിന്ന് പൾസർ ബൈക്കിൽ എത്തിയ മോഷ്ടാക്കൾ അമ്മിണിയോട് നാരങ്ങാവെള്ളം ആവശ്യപ്പെടുകയും അതിലൊരാൾ കടയുടെ പിന്നിലൂടെ വന്ന് മാല പൊട്ടിച്ചു കടന്നുകളയുകയുമായിരുന്നു. അമ്മിണി ഒച്ചവച്ചതുകേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽക്കയറി പാലാ ഭാഗത്തേക്കു രക്ഷപ്പെട്ടിരുന്നു.
ബൈക്കിന്റെ നന്പർവച്ച് അന്വേഷണം നടത്തിയപ്പോൾ കാഞ്ഞിരപ്പള്ളിയിലുള്ള ഒരു കാറിന്റെ നന്പരാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നു നാട്ടുകാർ പറയുന്നു.
ഏതാനും ദിവസങ്ങൾക്കു മുന്പു പ്രവിത്താനത്തും വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നിരുന്നു. കഴിഞ്ഞ ദിവസം മാനത്തൂരിനു സമീപത്തെ ആൾ സഞ്ചാരം കുറഞ്ഞ റോഡിലുടെ നടന്നു പോയ വീട്ടമ്മയുടെ അടുത്തേക്ക് രണ്ടംഗ സംഘം ബൈക്കിൽ പാഞ്ഞെത്തിയിരുന്നു.
സംഭവത്തിൽ പന്തികേട് തോന്നിയ വീട്ടമ്മ സമീപത്തെ വീട്ടിൽ കയറി സംഭവം അറിയിച്ചെങ്കിലും നാട്ടുകാർ സംഘടിച്ചെത്തിയപ്പോഴേക്കും ബൈക്കിലെത്തിയവർ രക്ഷപ്പെട്ടു.
മൂന്നു മാസം മുന്പും മാനത്തൂർ സ്കൂളിന് സമീപം പെട്ടിക്കട നടത്തുന്ന സ്ത്രീയുടെ മാല സമാനമായ രീതിയിൽ മോഷ്ടിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതികളെ കണ്ടെത്താനും ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല.
അടിക്കടി മാല മോഷണം നടക്കുന്നതിനാൽ വീ്ട്ടമ്മമാർ ഉൾപ്പെടെയുള്ളവർ വീടിനു പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.