കായംകുളം: ബൈക്കിൽ കറങ്ങി നടന്നു പട്ടാപ്പകൽ സ്ത്രീകളുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത കമിതാക്കളടങ്ങിയ മൂന്നംഗസംഘത്തെ പോലീസ് പിടികൂടി.
കായംകുളം പത്തിയൂർ വേലിത്തറ വടക്ക് വീട്ടിൽ അൻവർഷാ(22), കോട്ടയം കൂട്ടിക്കൽ ഏന്തയാർ ചാനക്കുടി വീട്ടിൽ ആതിര(24), കൊല്ലം കരുനാഗപ്പള്ളി തഴവ കടത്തൂർ ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ(19) എന്നിവരാണ് പിടിയിലായത്.
കായംകുളം പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിത് ഭവനത്തിൽ സജീവന്റെ ഭാര്യ ലളിതയുടെ മാല അപഹരിച്ച കേസിലാണ് സംഘം പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 26നd ഉച്ചയോടെ ആയിരുന്നു സംഭവം. വീട്ടിലേക്കു നടന്നു പോകുന്ന സമയം സ്കൂട്ടറിലെത്തിയ യുവതീ യുവാക്കൾ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.
പോലീസ് പറയുന്നതിങ്ങനെ: ഓഗസ്റ്റ് 25 ന് തിരുവല്ലയിൽ നിന്നും മോഷ്ടിച്ചെടുത്ത സ്കൂട്ടറിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും പകൽ കായംകുളത്തു കറങ്ങിനടന്നു.
അന്ന് രാത്രി കായംകുളത്തും ഇവർ തങ്ങി. പിറ്റേ ദിവസം സ്കൂട്ടറിൽ പെരിങ്ങാലയിൽ എത്തിയ ഇവർ ലളിതയുടെ മാല പൊട്ടിച്ചു കടന്നു.
തുടർന്ന് സ്കൂട്ടർ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച ശേഷം മൂന്നാർ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പോയി.
പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘം എറണാകുളത്തെത്തിയെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.
മാല വിൽക്കാൻ സഹായിച്ചത് മൂന്നാം പ്രതിയായ ജയകൃഷ്ണൻ ആണെന്നും ഇയാളുടെ ഫോണാണ് ഒന്നാംപ്രതിയായ അൻവർ ഷാ ഉപയോഗിച്ചു വന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
ഓച്ചിറയിലെ കടയിലാണ് ആഭരണം വിൽക്കാൻ ശ്രമിച്ചത്. ഇവിടുത്തെ സിസി ടിവി ദൃശ്യങ്ങളാണ് നിർണായകമായത്.
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവി ലാണ് പ്രതികൾ പോലീസിന്റെ വലയിലായത്.
കമിതാക്കളായ അൻവർഷായും ആതിരയും ബംഗളൂരുവിനു സമീപം കോളാർ ജില്ലയിൽ കെജിഎഫ് താലൂക്കു ഭാഗത്ത് റോബർട്ട്സൺപെട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 70 വയസുള്ള വിരുദമോൾ എന്ന വയോധികയുടെ ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്ഐ ആനന്ദ് കൃഷ്ണൻ, എഎസ്ഐ ഉദയകുമാർ, പോലീസുകാരായ റെജി, ലിമു, മനോജ് , സതീഷ്, ബിനുമോൻ, ബിജുരാജ്, അനൂപി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.