പഴയങ്ങാടി: മാടായിക്കാവ് ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്ന അതിയടം വീരഞ്ചിറയിലെ ചേണിച്ചേരി സുമതി (49) യുടെ മൂന്നരപവൻ താലിമാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മൂലക്കീൽ വെളളച്ചാലിലെ സി.കെ.യദുകൃഷ്ണൻ (25), തൃക്കരിപ്പൂർ സ്വദേശി ബി.മുബാറക് (26) എന്നിവരെയാണ് പഴയങ്ങാടി എസ് ഐ പി.ബി.സജീവ് ആലക്കോട് വച്ച് പിടികൂടിയത്.
ആലക്കോട്ടുള്ള വാടകവീട് കേന്ദ്രീകരിച്ചാണ് സംഘം മോഷണം ആസൂത്രണം ചെയ്യുന്നത്. ബൈക്കിൽ ചുറ്റിത്തിരിയുകയും ആർഭാടജീവിതം നയിക്കുകയുമാണ് ഇവരുടെ രീതി. ശ്രീകണ്ഠപുരം, ആലക്കോട്, പയ്യന്നൂർ, പരിയാരം, തളിപ്പറമ്പ്, പഴയങ്ങാടി, കണ്ണപുരം സ്റ്റേഷൻ പരിധികളിൽ മോഷണം പിടിച്ചുപറി എന്നീ കേസുകളിലും യദുകൃഷ്ണൻ പഴയങ്ങാടിയിൽ കഞ്ചാവ് കേസിലും പ്രതിയാണ്.
പിടിച്ചുപറി നടത്തിയ മാല പയ്യന്നൂരിലെ പ്രമുഖ ജ്വല്ലറിയിൽ വിറ്റതായി പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് എസ്ഐ പി.ബി.സജീവ് പറഞ്ഞു.പ്രതികളെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.