മാന്നാർ: ബൈക്കിൽ കറങ്ങി മാല മോഷ്ടിച്ച കേസിൽ പിടിയിലായ അർധസൈനീകൻ റിമാൻഡിൽ. സിആർപിഎഫ് ഉദ്യോഗസ്ഥനായപത്തനംതിട്ട കോയിപ്രം കുന്നത്തുംകര കാഞ്ഞിരത്തിൻകുന്നേൽ വിജയന്റെ മകൻ വിജിത്തി(28)നെയാണ് മാവേലിക്കര കോടതി റിമാൻഡ് ചെയ്തത്. സിആർപിഎഫ് ഡൽഹി യൂണിറ്റിലെ സൈനികനായ ഇയാൾ അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് മാലമോഷണം പതിവാക്കിയത്.
തനിക്കുണ്ടായ സാന്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായിട്ടുള്ള എളുപ്പവഴിയെന്ന രീതിയിലാണ് മാല പറിക്കൽ തെരഞ്ഞെടുത്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ 28ന് ചെന്നിത്തല ചാല ക്ഷേത്രത്തിന് സമീപം ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് അഞ്ചുപവൻ വരുന്ന മാല കവർന്നിരുന്നു.
കൂടാതെ പാന്പാടി, കറുകച്ചാൽ എന്നിവിടങ്ങളിൽനിന്നും ഇയാൾ സമാന രീതിയിൽ കവർച്ച നടത്തിയിരുന്നു. കവർന്ന സ്വർണാഭരണങ്ങൾ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങിളിലെ സ്വർണക്കടകളിൽ വിറ്റിരുന്നു. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇയാളെ പിൻതുടർന്ന് കോയിപ്രത്തെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.
മാന്നാർ എസ്എച്ച്ഒ ജോസ് മാത്യു, എസ്ഐ കെ.എൽ. മഹേഷ്, എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ സന്തോഷ്, രജീഷ്കുമാർ, റിയാസ്, ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡിലെ ഉണ്ണികൃഷ്ണൻ, ഷഫീഖ്, അരുണ്‍ ഭാസ്കർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.