തിരുവല്ല: ബൈക്കിലെത്തി പ്രായമായ സ്ത്രീകളുടെയും മറ്റും മാല അപഹരിക്കുന്ന യുവാക്കൾ തിരുവല്ലയിൽ പോലീസ് പിടിയിൽ. ബൈക്കിൽ കറങ്ങി നടന്നു പ്രായമായ സ്ത്രീകളെ കണ്ടെത്തിയ ശേഷം പിന്നീട് മുഖം മറച്ചെത്തി അവരുടെ മാല കവരുന്ന സംഘമാണ് തിരുവല്ലയിൽ ഷാഡോ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ലയിൽ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആറന്മുള വല്ലന പെരുമശേരിൽ ദീപക് (26), തിരുവല്ല ഇരവിപേരൂർ നെല്ലിമല കരയ്ക്കാട്ടു വീട്ടിൽ വിഷ്ണു (26) എന്നിവർ പിടിയിലായത്. സ്ത്രീകളുടെ അടുത്ത് ഒരാൾ ബൈക്കിൽ തന്നെ ഇരിക്കുകയും മറ്റെയാൾ ഇറങ്ങി വന്നു വഴിയോ സ്ഥലപ്പേരോ ചോദിച്ച ശേഷം അവരുടെ മാല പൊട്ടിക്കുകയാണ് ഇവരുടെ രീതി.
ഈ സമയം ഇറങ്ങി വരുന്നയാൾ മുഖം മറച്ചിരിക്കും. ബൈക്കിലിരിക്കുന്നയാൾ ഹെൽമറ്റ് ധരിച്ചിരിക്കും. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയ ശേഷമാണ് ഇവർ എത്തുന്നത്. നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ ഇവരെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരുന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആർടി ഓഫീസുകളിൽ നിന്നും ഷോറൂമുകളിൽ നിന്നും ലഭിച്ച ആയിരത്തോളം ബൈക്ക് വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണം പ്രതികളിലേക്ക് എത്തിച്ചേർന്നത്.
പ്രതികൾ മുൻപരിചയം ഇല്ലാത്തവരായതിനാൽ ആദ്യം നടത്തിയ മാല പൊട്ടിക്കൽ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. തിരുവല്ല മനയ്ക്കച്ചിറയ്ക്കു സമീപമുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരാണ് ഇരുവരും. മാന്യമായ ശമ്പളത്തിൽ ജോലി ചെയ്തു വന്ന ഇരുവരും നല്ല സാമ്പത്തിക ശേഷിയുള്ള വീടുകളിലെ അംഗങ്ങളായിരുന്നു.
മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവർ ആർഭാട ജീവിതത്തിനായി ഉപയോഗിക്കുകയായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു.വിലകൂടിയ മൊബൈൽ ഫോണുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. മറ്റു ജില്ലകളിലെ സമാന മോഷണങ്ങളിൽ ഇവരുടെ പങ്ക് അന്വേഷിക്കാനായി കസ്റ്റഡിയിൽ വാങ്ങും.
ജില്ലാ പോലീസ് മേധാവി ജെ. ജയദേവന്റെ നിർദേശാനുസരണം തിരുവല്ലാ ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസ് എന്നിവരുടെ നേതൃത്വത്തിൽ തിരുവല്ല പോലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ് , തിരുവല്ല എസ്ഐ ബി.വിനോദ് കുമാർ, പുളിക്കീഴ് എസ്ഐ വിപിൻ കുമാർ, എസ്ഐ ബി. ശ്യാം ,ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീം അംഗങ്ങളായ എഎസ്ഐമാരായ അജി ശാമുവേൽ, എസ്. രാധാകൃഷ്ണൻ, റ്റി.ഡി. ഹരികുമാർ, സീനിയർ സിവിൾ പോലീസ് ഓഫീസർ ആർ. അജികുമാർ, സിവിൾപോലീസ് ഓഫീസർ വി.എസ്. സുജിത്ത് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.