മാവേലിക്കര: മോഷ്ടിച്ച ബൈക്കിൽ വ്യാജനന്പർ പ്ലേറ്റ് വച്ചു കറങ്ങി മാലമോഷണം നടത്തിവന്ന കുപ്രസിദ്ധ മാല മോഷ്ടാവ് പിടിയിൽ.
ആലപ്പുഴ വണ്ടാനം കാട്ടുമ്പുറം വെളിവീട്ടില്‍ ഫിറോസ് (കോയാമോന്‍ – 36) ആണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്.
നടക്കാനിറങ്ങിയ ഗീതാകുമാരി എന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു കടന്ന കേസിലെ പ്രതിയാണിയാൾ. കഴിഞ്ഞ 30ന് വൈകുന്നേരം ആറോടെയാണ് മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശിനി ഗീതകുമാരിയുടെ ഏഴു പവന്റെ മാല ഈരേഴ വടക്ക് നെയ്യാത്ത് മുക്കിനു വടക്കുവശം വച്ചു ബൈക്കില്‍ എത്തിയ ഫിറോസ് പൊട്ടിച്ചെടുത്തു കടന്നത്.
പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദേശാനുസരണം ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ ആര്. ജോസിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഷണം നടന്നു അഞ്ചു ദിവസത്തിനുള്ളില്‍ പ്രതിയെ കുടുക്കിയത്.
സിസിടിവിയിൽ കുടുങ്ങി
ഗീതാകുമാരി നൽകിയ വിവരങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ ഹീറോ ഹോണ്ട പാഷന് പ്രോ ബൈക്കില്‍ കാവി കൈലിയും പിങ്ക് കളര്‍ ടി ഷര്‍ട്ടും ധരിച്ചു വന്നയാളാണ് മാല പൊട്ടിച്ചതെന്നു വ്യക്തമായി.
സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ബൈക്കിന്റെ രജിസ്റ്റര്‍ നമ്പര്‍ ലഭിച്ചു.ഏനാദിമംഗലം മാവൂര്‍ സ്വദേശിയുടെ പേരിൽ അടൂര്‍ രജിസ്ട്രേഷനിലുള്ളതാണ് വാഹനമെന്നു തിരിച്ചറിഞ്ഞു.
ഈ ബൈക്ക് ഒരുമാസം മുന്‍പ് ഏനാദിമംഗലം, മാവൂര്തന്നെ ഉള്ള ഒരാള്‍ക്കു വിറ്റിരുന്നു. വാങ്ങിയ ആള് ഉടമസ്ഥത മാറ്റാതെ ഈ ബൈക്ക് വില്‍ക്കാനായി ഒഎല്‍എക്സില്‍ പരസ്യം നല്‍കിയിരുന്നുവെന്നും കണ്ടെത്തി. മോഷ്ടാവ് ഈ നന്പർ തന്റെ ബൈക്കിന് ഉപയോഗിക്കുകയായിരുന്നു.
ജയിൽ വിട്ട ഉടനെമോഷണം
കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയും ഇത്തരം മോഷണക്കേസുകളിൽ പ്രതികളായിട്ടുള്ളവരെക്കുറിച്ചും ജയിലിൽനിന്ന് ഇറങ്ങിയിട്ടുള്ളവരെക്കുറിച്ചുമുള്ള അന്വേഷണത്തിലും മാന്നാർ പരുമലകടവിനു സമീപത്തെ ലോഡ്ജിൽ താമസിച്ചിരുന്ന ഫിറോസിനെ പിടികൂടുകയായിരുന്നു.
ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഫെബ്രുവരി 18ന് രാവിലെ 8.30ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് പരിധിയിലുള്ള രാമപുരം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീയുടെ 4.5 പവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്ന കേസില്‍ കരീലക്കുളങ്ങര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്നു.
സെപ്റ്റംബര്‍ 26ന് കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ച ഇയാള്‍ പരുമലക്കടവിനു സമീപമുള്ള ലോഡ്ജില്‍ താമസമാക്കി.
ബൈക്കും മോഷ്ടിച്ചത്
28ന് ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പടി ജംഗ്ഷനടുത്തുനിന്നു ചെങ്ങന്നൂര്‍ സ്വദേശിയുടെ ഹീറോ ഹോണ്ട പാഷന് പ്രോ ബൈക്ക് മോഷ്ടിച്ച ശേഷം ഇതിൽ കറങ്ങി മോഷണം നടത്തിവരികയായിരുന്നു.
കഴിഞ്ഞ നാലിനു വൈകിട്ട് 7.30ന് അടൂര്‍ പറക്കോട് ഗ്യാസ് സ്റ്റേഷനു സമീപം പറക്കോട് തെക്ക് സ്വദേശിനി അശ്വതിയുടെ മൂന്നു പവന്റെ മാല പൊട്ടിച്ചതും ഇയാളാണെന്നു സമ്മതിച്ചിട്ടുണ്ട്.
ഒറ്റയ്ക്ക് ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചു കടക്കാൻ വിരുതനായ കോയാമോന്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ മൂന്നു വര്‍ഷങ്ങളായി തെളിയാതിരുന്ന 30ഓളം മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായി 2017ല്‍ ആണ് ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്.
എക്സിക്യൂട്ടീവ് ലുക്കിൽകറക്കവും മോഷണവും
മാവേലിക്കര: മാലമോഷണക്കേസുകളിൽ മാവേലിക്കര പോലീസിന്റെ പിടിയിലായ യുവാവിന്റെ പതിവ് കറക്കം എക്സിക്യൂട്ടീവ് ലുക്കിൽ.
ആലപ്പുഴ വണ്ടാനം കാട്ടുമ്പുറം വെളിവീട്ടില്‍ ഫിറോസ് (കോയാമോന്‍ – 36) ആണ് കഴിഞ്ഞ ദിവസം മാവേലിക്കര പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ വ്യാജനന്പർ പ്ലേറ്റ് വച്ചു മാല പൊട്ടിക്കൽ നടത്തിവരുന്നതിനിടെയാണ് പിടിയിലായത്.
ജീന്‍സും ഷര്‍ട്ടും ഷൂസും ഷോള്‍ഡര്‍ ബാഗുമൊക്കെയിട്ട് എക്സിക്യൂട്ടീവ് ലുക്കില്‍ ഒറ്റയ്ക്കു കറങ്ങി മോഷണം നടത്തിവന്നിരുന്ന ഫിറോസ് പോലീസിന്റെ നോട്ടപ്പുള്ളി ആയതോടെയാണ് ഇത്തവണ പുതിയ വേഷത്തിൽ മോഷണത്തിന് ഇറങ്ങിയത്.
ചെട്ടികുളങ്ങര സ്വദേശിനി ഗീതാകുമാരിയുടെ ഏഴു പവന്റെ മാല പൊട്ടിക്കുന്പോൾ കാവി കൈലിയും ടി ഷർട്ടും ഇടതു കൈയിൽ ചരടുമൊക്കെയായിരുന്നു വേഷം.
മോഷ്ടിച്ച സ്വര്‍ണം വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. ഇയാളുടെ കൈയില്‍നിന്ന് അടൂര്‍ സ്വദേശിനിയുടെ മാലയുടെ പൊട്ടിയ ഭാഗവും മോഷ്ടിച്ച ബൈക്കും സ്വർണം വിറ്റുകിട്ടിയ 1.28 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ചെട്ടികുളങ്ങരയില്നിന്നു കവര്‍ന്ന മാല ചെങ്ങന്നൂരിലെ സ്വര്‍ണക്കടയില്‍ വിറ്റിരുന്നതു കണ്ടെടുത്തിട്ടുണ്ട്.മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്ത്, എസ്ഐ മുഹ്സിന് മുഹമ്മദ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനു വര്‍ഗീസ്, ലിമു മാത്യു, ജി. പ്രദീപ് , ബിജു മുഹമ്മദ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ഭാസ്കര്‍, എസ്. സിയാദ്. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.