കാട്ടാക്കട: ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു. കാട്ടാക്കടയിൽ നിന്നും പാറശാലയിൽ ഉള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികയുടെ മാലയാണ് ബൈക്കിലെത്തിയ ആൾ പിടിച്ചു പറിച്ചത്.
പൊട്ടിയ മാലയുടെ പകുതിയോളം കള്ളൻ കൊണ്ട് പോയി. കുന്താണി സ്വദേശിനി ഗീതയുടെ മാലയാണ് മോഷ്ടാക്കൾ കവർന്നത്.
കിള്ളിയിൽ നിന്നും ബസ് കയറാനായി ഇന്നലെ രാവിലെ ആറു മണിയോടെ ഗീത നടന്നു വരുമ്പോഴാണ് സംഭവം. ഈ സമയം വഴിയിൽ രണ്ട് പേർ ബൈക്ക് നിർത്തി സംസാരിച്ചു നിക്കുന്നുണ്ടായിരുന്നുവെന്നും ഇവരുടെ സമീപത്ത് കൂടെ കടന്നു പോകുന്ന സമയം ഞൊടിയിടയിൽ ഇവർ തന്നെ തള്ളി നിലത്തിടുകയും കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയും ചെയ്തു എന്നാണ് ഗീത പറയുന്നത്.
പക്ഷേ ഗീത പൊട്ടിയ മാലയിൽ നിന്ന് പിടി വിട്ടില്ല. പിടിവലിക്കിടയിൽ രണ്ടര പവനോളം തൂക്കമുള്ള മാല രണ്ടായി പൊട്ടി. ഇതിന്റെ ഒരു ഭാഗവും കൊണ്ട് മോഷ്ടാക്കൾ കടക്കുകയായിരുന്നു.
കള്ളന്മാരുടെ ആക്രമണം ഉണ്ടായപ്പോൾ പ്രതിരോധിക്കുന്നതിനിടെ നിലവിളിച്ചു ബഹളം ഉണ്ടാക്കിയെങ്കിലും ഈ സമയം ഇതുവഴി കടന്നു പോയി വാഹനങ്ങൾ ഒന്നും തന്നെ നിറുത്തിയില്ലെന്ന് ഗീത പറഞ്ഞു.
സംഭവം നടന്ന ഉടനെ ഗീത കാട്ടാക്കട പോലീസിൽ വിവരം അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ പരാതിയും നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സിസിടിവികൾ പൊലീസ് പരിശോധിക്കുന്നുണ്ട്.വീട്ടുജോലിക്ക് പോയാണ് ഗീതയുടെ ഉപജീവനം നടത്തുന്നത്.