കടുത്തുരുത്തി: മാന്നാറിലും അതിരന്പുഴയിലും പുലർച്ചെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മൂന്നു പേരുടെ മാല പറിച്ചു. രണ്ടിടത്തും ഒരേ മോഷണ സംഘമെന്നാണ് സൂചന. മാന്നാറിൽ ബസ് കാത്തു നിന്ന സഹോദരങ്ങളുടെ മാലയാണ് പറിച്ചെടുത്തത്. അതിരന്പുഴയിൽ വയോധികയെ തളളിയിട്ട ശേഷമാണ് മാല തട്ടിയെടുത്തത്.
മാന്നാർ ജംഗ്ഷനിൽ ഇന്നു രാവിലെ 5.45നാണ് സംഭവം. മാന്നാർ കയ്യാലയ്ക്കൽ മേരിജോർജ്, ഇവരുടെ സഹോദരി തേവര സ്വദേശി ത്രേസ്യാമ്മ എന്നിവരുടെ ഒന്നര പവന്റെയും രണ്ടര പവന്റെയും സ്വർണ മാലകളാണ് ബൈക്കിലെത്തിയവർ ഞൊടിയിടെ വലിച്ചുപൊട്ടിച്ചു കടന്നത്. ഈരാറ്റുപേട്ടയിലുള്ള ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് മാന്നാർ ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുകയായിരുന്നു ഇരുവരും.
ത്രേസ്യാമ്മ തലേന്നു സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. രാവിലെ മേരിജോർജിന്റെ മകൻ ബൈക്കിൽ രണ്ടു തവണയായി ഇരുവരെയും മാന്നാർ ജംഗ്ഷനിൽ എത്തിച്ചു. ഈ സമയം ബസ് സ്റ്റോപ്പിൽ അൽപം മാറി നിൽക്കുകയായിരുന്ന മോഷ്ടാക്കൾ മകൻ പോയ ഉടൻ എത്തി രണ്ടുപേരുടെയും മാല പിടിച്ചുവലിച്ചു പൊട്ടിച്ച് കടക്കുകയായിരുന്നു. സംഭവം നടന്നയുടൻ കടുത്തുരുത്തി പോലീസിൽ വിവരം ധരിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാന്നാറിലെ സംഭവത്തിനു ശേഷമാണ് അതിരന്പുഴയിൽ ഒരു വയോധികയുടെ മാല ബൈക്കിലെത്തിയവർ തട്ടിയെടുത്തത്. രാവിലെ ഏഴു മണിയോടെ പള്ളിയിലേക്ക് പോയ അതിരന്പുഴ സ്വദേശി ത്രേസ്യയെ (70) ബൈക്കിലെത്തിയവർ തള്ളിയിട്ട് മാല തട്ടിയെടുക്കുകയായിരുന്നു. എന്നാൽ മാല പൊട്ടിപ്പോയതിനാൽ ഒരു കഷണമേ മോഷ്ടാക്കൾക്കു ലഭിച്ചുള്ളു.
ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ ബൈക്കിൽ യൂണിവേഴ്സിറ്റി ഭാഗത്തേക്ക് കടന്നതായാണ്് വിവരം. വീഴ്ചയിൽ പരിക്കേറ്റ ത്രേസ്യയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.