ആലപ്പുഴ: എഴുപത്തൊന്നുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. അറുന്നൂറ്റി മംഗലം സ്വദേശിയായ സ്ത്രീയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ചത്. പെരിങ്ങാല വില്ലേജില്‍ മുരുകാലയം വീട്ടില്‍ സതീഷ് എന്നു വിളിക്കുന്ന കൃഷ്ണകുമാര്‍ (36), ചെട്ടികുളങ്ങര ഈരേഴ് വടക്ക് തണല്‍ വീട്ടില്‍ കുട്ടാച്ചി എന്നുവിളിക്കുന്ന സുജിത്ത് (41) എന്നിവരാണ് പിടിലായത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. അറുന്നൂറ്റിമംഗലം ഭാഗത്ത് പെയിന്റിംഗ് ജോലിക്കു പോയ പ്രതികള്‍ സ്ഥിരമായി സ്ത്രീയുടെ കടയില്‍ കയറുകയും സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്ത് അടുപ്പം സ്ഥാപിക്കുകയും സ്ത്രീയുടെ കടയില്‍ ആരുമില്ലാത്ത സമയം നോക്കി ഏഴുമണിക്ക് കടയില്‍ തനിച്ച് നില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല പറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
മോഷണം നടത്തിയശേഷം പ്രതികള്‍ മാല കായംകുളത്തുള്ള ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു. ശാസ്ത്രീയമാര്ഗങ്ങളിലൂടെയും ആലപ്പുഴ ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയും മാവേലിക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ മേല്‍ നോട്ടത്തില്‍ മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ബിജോയി, സബ് ഇന്‍സ്പെക്ടര്‍മാരായ ഇ. നൗഷാദ്, എ.ഇ. സിയാദ്, ആലപ്പുഴ ജില്ലാ ക്രൈം സ്ക്വാഡിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്, മുഹമ്മദ് ഷെഫീക്ക്, അരുണ്‍ ഭാസ്കര്‍, മാവേലിക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനന്തമൂര്‍ത്തി എന്നിവരടങ്ങുന്ന സംഘമാണ് ചെട്ടികുളങ്ങരയില്നിന്നു പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര ജുഡീഷല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.