കോലഞ്ചേരി: കെഎസ്ആർടിസി ബസിൽനിന്ന് പ്രായമുള്ള സ്ത്രീയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ഓടിയ യുവതിയെ സഹയാത്രിക്കാരി കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ചു. ഇന്ന് രാവിലെ 9.10 ഓടെ ചൂണ്ടി -മുവാറ്റുപുഴ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ജംഗ്ഷനിലാണ് സംഭവം നടന്നത്.
ബസിൽ സമീപത്തു നിന്ന പ്രായമുള്ള സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളയുന്ന സ്ത്രീയെ ശ്രദ്ധയിൽ പെട്ടാണ് മീമ്പാറ സ്വദേശി റിനി റോബിൻ പുറകെ ഓടിയത്. മെഡിക്കൽ കോളജ് സ്റ്റോപ്പിൽ നിന്ന് പൊട്ടിച്ചെടുത്ത മാലയുമായി ഓടിയ യുവതിയുടെ പുറകെ ഓടിയ റിനി ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി ഇവരെയും സംഘത്തിലുണ്ടായിരുന്ന മറ്റ് ഒരാളെയും കസ്റ്റഡിയിലെടുത്തു.