കോട്ടയം: മാന്നാറിലും അതിരന്പുഴയിലും ബൈക്കിലെത്തി മാല പൊട്ടിച്ച സംഘം പാലാ തോടനാലിലും ഓപ്പറേഷൻ നടത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തോടനാലിൽ വഴിയെ നടന്നു പോയ ഓമനയെന്ന സ്ത്രീയുടെ രണ്ടു പവൻ സ്വർണമാലയാണ് ബൈക്കിൽ വന്നവർ തട്ടിയെടുത്തത്. ബൈക്ക് ഓമനയുടെ അടുത്ത് ചേർത്തു നിർത്തിയ ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇന്നലെ ഒറ്റ ദിവസം ജില്ലയിൽ മൂന്നിടത്തു കവർച്ച നടത്തിയ സംഘത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
പിന്നിൽ നന്പർ പ്ലേറ്റില്ലാത്ത ബൈക്കിലാണ് മോഷ്ടാക്കൾ സഞ്ചരിച്ചത് എന്ന വിവരം ലഭിച്ചിട്ടുണ്ട്. മൂന്നിടത്തെയും കവർച്ചയ്ക്കു പിന്നിൽ ഒരേ സംഘം തന്നെയെന്ന നിഗമനത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു. മാല പൊട്ടിക്കലിൽ വൈദഗ്ധ്യമുള്ളവരാണ് മോഷ്ടാക്കൾ എന്നു വ്യക്തമായിട്ടുണ്ട്. മാന്നാറിൽ ഇന്നലെ പുലർച്ചെ 5.45ന് സഹോദരിമാർ ബസ് കാത്തു നിൽക്കുന്പോഴാണ് ഞൊടിയിടെ രണ്ടു പേരുടെയും മാല തട്ടിയെടുത്തത്.
ആപ്പാഞ്ചിറ മാന്നാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. മാന്നാർ കയ്യാലയ്ക്കൽ മേരി ജോർജ് (60), സഹോദരി എറണാകുളം തേവര കളത്തിവീട്ടിൽ ത്രേസ്യാമ്മ (76) എന്നിവരുടെ മാലകളാണ് നഷ്ടപ്പെട്ടത്. ഈരാറ്റുപേട്ടയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനായി ഇരുവരും ബസ് കാത്തു നിൽക്കുന്പോളാണ് സംഭവം. തങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വരുന്പോൾ മോഷ്ടാക്കൾ ഇവിടെയുണ്ടായിരുന്നതായി വീട്ടമ്മമാർ പറഞ്ഞു.
ഹെൽമറ്റ് ധരിച്ച മോഷ്ടാക്കളിൽ ഒരാൾ ഇവരുടെ അടുത്തേക്ക് നടന്നു വന്ന് മുസ്ലീം പള്ളിയിലേക്കുള്ള വഴി ചോദിച്ചു. മേരി വഴി പറഞ്ഞു കൊടുക്കാൻ തുടങ്ങിയപ്പോൾ മോഷ്ടാവ് ഇരുവരുടെയും കഴുത്തിൽ കിടന്ന മാലകൾ പൊട്ടിച്ചെടുത്തു. സമീപത്ത് രണ്ടാമൻ സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ബൈക്കിൽ കയറി കടുത്തുരുത്തി ഭാഗത്തേക്കു ഓടിച്ചു പോവുകയായിരുന്നു. മേരിയുടെ ഒന്നര പവന്റെ മാലയും ത്രേസ്യാമ്മയുടെ രണ്ടര പവന്റെ കൊന്ത മാലയുമാണ് നഷ്ടപെട്ടത്.
പിടിവലിക്കിടെ മേരിയുടെ മാലയുടെ ഒരു കഷണം പൊട്ടി റോഡിൽ വീണിരുന്നു. ഇതെടുക്കാതെ മോഷ്ടാവ് ഓടുകയായിരുന്നു. രണ്ടു പേരും ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. രണ്ടാഴ്ച്ച മുന്പ് നന്പ്യാകുളം പിയാത്തയ്ക്കു മുന്നിൽ പ്രാർഥിച്ചുക്കൊണ്ട് നിൽക്കുകയായിരുന്നു വയോധികയുടെ മാലയും സമാനരീതിയിൽ പൊട്ടിച്ചെടുത്തിരുന്നു.
ആരെയും പിടികൂടിയിട്ടില്ല. അതിരന്പുഴ സ്വദേശി ത്രേസ്യയെ (70)യാണ് ബൈക്കിലെത്തിയവർ തള്ളിയിട്ട് മാല തട്ടിയെടുത്തത്. എന്നാൽ മാല പൊട്ടിപ്പോയതിനാൽ ഒരു കഷണമേ മോഷ്ടാക്കൾക്കു ലഭിച്ചുള്ളു. ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ ബൈക്കിൽ യൂണിവേഴ്സിറ്റി ഭാഗത്തേക്ക് കടന്നതായാണ് വിവരം. വീഴ്ചയിൽ പരിക്കേറ്റ ത്രേസ്യയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.