പാലാ: ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്ന് ആശുപത്രിയിലേക്ക് അര്‍ധരാത്രിയില്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡില്‍ ബോധരഹിതനായി വീണുപോയയാളുടെ മൂന്നു പവന് മാലയും മൊബൈല്‍ ഫോണും കവര്‍ന്ന മൂന്നംഗ സംഘം പിടിയിൽ.
ബാങ്ക് ഓഫ് ബറോഡയുടെ തൊടുപുഴ ശാഖാ അസിസ്റ്റന്റ് മാനേജര്‍ അന്തീനാട് ഓലിക്കല്‍ മനു സ്കറിയാ (35)യുടെ മാലയും ഫോണുമാണ് കവര്‍ന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനില്‍ ചെറുവിള വിഷ്ണു(26), വിളക്കുടി ജയഭവനില്‍ സെന്‍കുമാര്‍ (മണിക്കുട്ടന്-29), ആവണീശ്വരം ഹരിഭവനില്‍ ഹരി (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 19ന് പുലര്‍ച്ചെ 12.30 ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിക്കു സമീപമാണ് സംഭവം. ശരീരം ചൊറിഞ്ഞു തടിച്ചതിനെത്തുടര്ന്ന് മനു സ്കറിയ ബൈക്കില്‍ തനിയെ പ്രവിത്താനത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പോവുകയായിരുന്നു.
ആശുപത്രിക്ക് അമ്പതു മീറ്റര്‍ സമീപത്തെത്തിയപ്പോള്‍ ബോധരഹിതനായി പാലാ-തൊടുപുഴ സംസ്ഥാന പാതയില്‍ വീഴുകയായിരുന്നു. പിന്നീട് അരമണിക്കൂറിന് ശേഷം ബോധം തെളിഞ്ഞപ്പോഴാണ് മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് പാലാ-തൊടുപുഴ റോഡില്‍ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിലുള്ള സിസിടിവിയില്‍ പതിഞ്ഞ കാറിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
കെഎല്‍ 26 എന്ന നമ്പരില്‍ തുടങ്ങുന്നതാണ് കാറെന്ന് മനസിലായി. നമ്പരിന്റെ ബാക്കി ഭാഗങ്ങള്‍ വ്യക്തമായിരുന്നില്ല. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്നുപേര്‍ നടന്നു പോകുന്നത് കണ്ടിരുന്നു. ഇവിടെയും ദൃശ്യങ്ങള്‍ വ്യക്തമല്ലായിരുന്നു.
പ്രതികള്‍ മൂന്നാറിലേക്കു പോകുമ്പോഴാണ് വഴിയരികില്‍ ബൈക്കു യാത്രക്കാരന് വീണുകിടക്കുന്നത് കണ്ടത്. പ്രതികളിലൊരാളായ വിഷ്ണു ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നും മറ്റുള്ളവരുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ കൊട്ടാരക്കരയില്‍ നിന്നുമാണ് പിടികൂടിയത്.
മാലയും മൊബൈല്‍ ഫോണും പ്രതികളുടെ പക്കല്‍നിന്നും പോലീസ് കണ്ടെടുത്തു. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. പാലാ ഡിവൈഎസ്പി കെ. ബൈജു കുമാര്‍, സിഐ അനൂപ് ജോസ്, എസ്ഐമാരായ കെ.എച്ച്. ഹാഷിം, മാമ്മന്‍ ജോസഫ്, തോമസ് സേവ്യര്‍, സിപിഒമാരായ ഷെറിന് സ്റ്റീഫന്‍, അരുണ്‍ ഛന്ദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.