ചിങ്ങവനം: പട്ടാപ്പകൽ വയോധികയുടെ കണ്ണിൽ മുളകുപൊടിയിട്ട് കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ കള്ളനെ തെരഞ്ഞ് പോലീസ് ഉൗർജിത അന്വേഷണത്തിൽ.
കുറിച്ചി ചെന്പുചിറപൊക്കം എസ്പിസി നന്പർ 43 ബിയിൽ സാവിത്രിയമ്മ (74)യുടെ കഴുത്തിൽ കിടന്ന മാല അപഹരിച്ചാണു കള്ളൻ കടന്നു കളഞ്ഞത്. ഇന്നലെ ഉച്ചക്ക് 12.30നാണ് സംഭവം.
കൊച്ചുമകൻ സാഗേതുമൊപ്പം മുറ്റത്ത് ഇരിക്കുന്പോൾ പിന്നിൽനിന്നും കൈനിറയെ മുളകുപൊടിയുമായി ആരോ കണ്ണുപൊത്തിയശേഷം കഴുത്തിൽ കിടന്ന മാലപൊട്ടിച്ചു ഓടുകയായിരുന്നു.
മടിയിൽ ഇരുന്ന കൊച്ചുമകനും സാവിത്രിയും കണ്ണിൽ മുളകുപൊടി പോയതോടെ മുറ്റത്തേക്ക് വീണു. ഇരുവരും ഉറക്കെ നിലവിളിച്ചപ്പോൾ വീടിനുള്ളിൽനിന്നും മകൻ സിനുവും സമീപത്തെ വീട്ടുകാരും ഓടിയെത്തി.
ഉടൻ തന്നെ ഓടിയെത്തിയവർ കുഞ്ഞിന്റെയും സാവിത്രിയമ്മയുടെ കണ്ണിലും ശരീരത്തും വീണ മുളകുപൊടി കഴുകി കളഞ്ഞു. അപ്പോഴേക്കും കള്ളൻ ഓടി രക്ഷപ്പെട്ടു.
മാസ്ക് ധരിച്ചിരുന്ന മോഷ്്ടാവിന്റെ വേഷം ബർമുഡയായിരുന്നു. തലയിൽ തുണി ചുറ്റിയിരുന്നതായും പറയുന്നു.
സിസി ടിവി ദൃശ്യങ്ങൾ സമീപ പ്രദേശങ്ങളിൽ ഇല്ലാത്തത് അന്വേഷണത്തിനു വെല്ലുവിളിയാണ്. വാർഡ് മെന്പർ അഭിജിത്ത് മോഹന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല.
ചിങ്ങവനം പോലീസിൽ വിവരവും അറിയിച്ചു. പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.