എരുമേലി: വഴിയരികിലുള്ള തടികൾ പകൽ കണ്ടുവച്ച ശേഷം അർധരാത്രിയിൽ വാഹനത്തിൽ കയറ്റി ജില്ലകൾക്കപ്പുറത്തെ മില്ലിലെത്തിച്ച് വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. തടികളിൽ ഉടമ തന്റെ പേരിന്റെ ആദ്യ ഇംഗ്ലീഷ് അക്ഷരം കൊത്തിവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതാണ് മോഷണംപോയ തടികൾ കണ്ടെടുക്കാനും പ്രതികളെ പിടികൂടാനും നിർണായകമായത്.
എരുമേലി എംഇഎസ് കോളജിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന തടി വ്യാപാരി എരുമേലി സ്വദേശി കല്ലുപുരക്കൽ ജോസ് മാത്യുവിന്റെ പ്ലാവ് മരങ്ങളുടെ വിവിധ അളവുകളിലുള്ള 25 കഷണം തടികളാണ് മോഷ്ടിക്കപ്പെട്ടത്. റാന്നി അടിച്ചിപ്പുഴ ഇലവുങ്കൽ വിനോയി (30), നാറാണംമൂഴി അത്തിക്കയം കരിപ്പായിൽ സുരേഷ് (42) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചംഗ സംഘത്തിൽ മൂന്നുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ഡി. സുനിൽകുമാർ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കാഞ്ഞിരപ്പള്ളി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലുള്ള നൂറുദ്ദീൻ എന്നയാളുടെ തടിമില്ലിൽ നിന്നാണ് തടികൾ കണ്ടെടുത്തത്. തടികളിൽ ഉടമ ജോസ് തന്റെ പേരിന്റെ ആദ്യ അക്ഷരമായ “ജെ’ കൊത്തിവച്ചിട്ടുണ്ടായിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒട്ടേറെ തടിമില്ലുകളിൽ അന്വേഷണം നടത്തിയതിനൊടുവിലാണ് കൊല്ലം ജില്ലയിലെ തടിമില്ലുകളിൽ അന്വേഷണം എത്തിയത്.
ചന്ദനത്തോപ്പിലെ മില്ലിൽ “ജെ’ എന്ന ഇംഗ്ലീഷ് അക്ഷരം കൊത്തിയിരുന്ന തടികൾ കണ്ടെടുത്തതോടെ ഈ തടികൾ മില്ലിൽ വിറ്റ സംഘത്തിനെപ്പറ്റി വിവരം ലഭിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളിൽ സുരേഷിന്റെ പിക്ക് അപ്പ് വാനിലാണ് തടികൾ മോഷ്ടിച്ച് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തടികളും ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം പോയ തടികൾക്ക് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വില മതിക്കുന്നതാണ്.
സിഐ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ടി. ശ്രീജിത്ത്, എഎസ്ഐ മുരളി, സിവിൽ ഓഫീസർമാരായ നിയാസ്, ടിനോ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.