കൊച്ചി: പ്രഭാതസവാരിക്കു ശേഷം സദനം റോഡില്‍ വിശ്രമിക്കുകയായിരുന്ന വയോധികന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് പുറപ്പെടുവിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് ജില്ലകളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു.
കഴിഞ്ഞ 21 ന് രാവിലെ ഏഴിന് സദനം റോഡില്‍ കേരള അഡ്മിനിസ്ട്രേറ്റീന് ട്രിബ്യൂണലിനു മുന്നിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രഭാത സവാരിക്കിടെ പരിചയത്തിലായ യുവാവ്, വാട്ടര്‍ ടാങ്കിനു മുകളില്‍ വിശ്രമിക്കുകയായിരുന്ന 81കാരന്റെ അടുത്തെത്തി ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണം തന്നെയാണോയെന്ന് നോക്കിയിട്ട് തിരികെ നല്‍കാം എന്നു പറഞ്ഞു.
യുവാവിനെ വിശ്വസിച്ച വയോധികന് രണ്ടു പവന് തൂക്കം വരുന്ന സ്വര്‍ണവളയും ലോക്കറ്റോടു കൂടിയ 2.5 പവന്റെ സ്വര്‍ണമാലയും ഊരി നല്കി. എന്നാല്‍ യുവാവ് ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്.
വയോധികന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് യുവാവിന്റെ ചിത്രങ്ങള്‍ ലഭിച്ചു. പോലീസ് പരിശോധന ഊര്‍ജിതമാക്കിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇയാള്‍ മുമ്പ് കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായാല്‍ 0484 2394500, 9497987103, 9497940866 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി അറിയിച്ചു.