മുക്കം: മൂന്നു വയസ്സുകാരിയുടെ മാലപൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കകം പിടികൂടി മുക്കം പോലിസ്. കാക്കവയൽ പാറമ്മൽ ബഷീറിനെ (45)യാണ് “ഓപറേഷൻ മിന്നൽ’ എന്ന് പേരിട്ട അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. പ്രതിയെ പിടികൂടാൻ നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മുക്കം നഗരസഭയിലെ വെസ്റ്റ് വെണ്ണക്കോട് പുതിയോത്ത് ശഫീഖിന്റെ മൂന്നു വയസ്സുകാരനായ മകന്റെ മാലയാണ് ഇയാൾ മോഷ്ടിച്ചത്.
മാതാവ് അലക്കിയ വസ്ത്രങ്ങൾ എടുക്കാൻ പോയ സമയത്ത് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിലെ മാല പൊട്ടിച്ച് ബഷീർ കടന്നുകളയുകയായിരുന്നു.
പ്രതി മാസ്ക് ധരിച്ചതിനാൽ പോലിസാണെന്ന് തെറ്റിദ്ധരിച്ച് കുട്ടി ഒച്ചവച്ചില്ല. മാല കാണാതായതിനെ തുടർന്ന് മാതാവ് കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവമറിഞ്ഞത്.
തുടർന്ന് മാതാപിതാക്കൾ മുക്കം പോലിസിൽ പരാതി നൽകുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലിസ് സമീപത്തെ നൂറോളം വരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് രാത്രിയോടെ പ്രതിയെ പിടികൂടിയത്.
ബഷീറിന്റെ സ്വദേശമായ നടുവണ്ണൂരിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ താമരശ്ശേരി കാക്കവയലിലെ ഭാര്യവീട്ടിലാണ് കഴിയുന്നതെന്ന വിവരം ലഭിച്ച പോലീസ് വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
ബൈക്ക് മോഷണം, മാല മോഷണമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപത്തിമൂന്ന് കേസുകളിൽ പ്രതിയാണിയാൾ. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
മൂന്നു വർഷം മുൻപ് അഗസ്ത്യൻമുഴിയിൽ വെച്ച് മാലമോഷ്ടിച്ചതിന് മുക്കം പൊലിസിൻ്റെ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
പയ്യോളിയിൽ ജോലി ചെയ്തിരുന്ന ഗോഡൗൺ കുത്തി തുറന്നതിനും ഇയാൾക്കെതിരെ കേസുണ്ട്. മുക്കം സിഐ സിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ. ഷാജിദ്, വി.കെ റസാഖ്, എഎസ്ഐ ജയമോദ്, രജീഷ്, ലിനീഷ്, ശ്രീജേഷ്, നാസർ, സ്വപ്ന, ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.