മാവേലിക്കര: മാലമോഷണ കേസിൽ 47 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ആൾ നിരപരാധിയാണെന്നു മൊഴി. കുറ്റാരോപിതനായ ഈ വയോധികൻ ഇന്നു ജോലിയും വീടും നഷ്ടപ്പെട്ടു കടത്തിണ്ണയിൽ അന്തിയുറങ്ങുന്നു.
കസ്റ്റഡിയിലേറ്റ ക്രൂരമർദനത്തിന്റെയും നാട്ടുകാർ കള്ളനായി ചിത്രീകരിച്ചതിന്റെ വേദനയുമായി കടത്തിണ്ണയിൽ കഴിയുന്നതു ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കൽ ജി. രമേശ് കുമാറാണ്.
സമീപവാസിയായ പുളിമൂട്ടിൽ കാർത്ത്യായനിയുടെ മാലപൊട്ടിച്ചെന്ന കേസിലാണ് രമേശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നവംബർ 12ന് പുലർച്ചെയായിരുന്നു സംഭവം.
മാലപൊട്ടിച്ച ആൾ രമേശ് കുമാറിന്റെ വീട്ടിലേക്ക് ഓടിക്കയറിയെന്നായിരുന്നുകാർത്ത്യായനിയുടെ മൊഴി. ഇതനുസരിച്ചായിരുന്നു അറസ്റ്റും റിമാൻഡും. ഇതിനിടെ, മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ കായംകുളം മേനാന്പള്ളി സ്വദേശി നിധിനാ(32)ണ് വയോധികയുടെ മാലപൊട്ടിച്ച കുറ്റം ഏറ്റുപറഞ്ഞിരിക്കുന്നത്.
നിധിനെ കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാൾ കുറ്റം സമ്മതിച്ചെങ്കിലും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടി വൈകിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നു പരാതിയുണ്ട്.
ദീർഘകാലം ചെട്ടികുളങ്ങരയിൽ ടാക്സി ഡ്രൈവറായിരുന്ന ഇയാൾ സമീപകാലത്താണു സ്കൂൾ ബസിന്റെ ഡ്രൈവറായത്. മാലപൊട്ടിച്ച ആൾ കുറ്റം ഏറ്റുപറഞ്ഞെങ്കിലും രമേശ് കുമാറിനെതിരെ മൊഴിയുണ്ടെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ് കുമാറിനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു.
രമേശ് കുമാറിന്റെ പശ്ചാത്തലം അന്വേഷിക്കാതെ തിരക്കിട്ട് അറസ്റ്റും തുടർ നടപടിയും സ്വീകരിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതേപ്പറ്റി കൂടുതൽ വിശദീകരിക്കാൻ മാവേലിക്കര പോലീസ് തയാറാകുന്നില്ല.
രമേശ് കുമാറിനെ അറസ്റ്റ് ചെയ്ത എസ്ഐ സ്ഥലം മാറിപ്പോയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ശേഷം മാവേലിക്കര പോലീസ് ക്രൂരമായി തന്നെ മർദിച്ചതായി രമേശ് കുമാർ പറയുന്നു.
തന്റെ പേരിൽ നാളിതുവരെ ഒരു പെറ്റികേസ് പോലുമുണ്ടായിട്ടില്ലെന്നു രമേശ് കുമാർ പറയുന്നു. നല്ല നിലയിൽ ജീവിക്കുന്ന കുടുംബമാണ്. മോഷണക്കേസിൽപ്പെട്ടതോടെ വീട്ടുകാർ കൈയൊഴിഞ്ഞു. കായംകുളം ചെറിയ പത്തിയൂരിലെ സ്വകാര്യ സ്കൂളിലെ ഡ്രൈവറായിരുന്നു. ആ ജോലിയും നഷ്ടമായി.
നിരപരാധിത്വം തെളിയിക്കാൻ കഴിയാഞ്ഞതിനാൽ ജാമ്യത്തിലിറങ്ങിയിട്ടും ആരും അടുപ്പിക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രി, ഡിജിപി, പോലീസ് കംപ്ലയിന്റ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുമെന്നും നീതിക്കായി ഏതറ്റം വരെ പോകുമെന്നും രമേശ് കുമാർ പറഞ്ഞു.
എന്നാൽ, ഇപ്പോൾ അറസ്റ്റിലായ ആളല്ല എന്റെ മാല പൊട്ടിച്ചതെന്നാണ് കാർത്യായനിയമ്മ പറയുന്നത്. പൊക്കമുള്ള ആൾ രമേശിന്റെ വീടിനു മുന്നിൽ വച്ച് പുലർച്ചെ 5.15നാണ് മാല കവർന്നത്. തുടർന്ന് അയാൾ ഗേറ്റിനുള്ളിലേക്ക് ഓടിക്കയറി. രമേശ് എന്നു വിളിച്ചപ്പോൾ തിരിഞ്ഞുനോക്കിയെന്നും അവർ പറയുന്നു.