തൃശൂർ: ജില്ലയിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ ബൈക്കിലെത്തിയ സംഘം രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപത്തും, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി പരിസരത്തുമാണ് രണ്ടുപവന്റെ മാലകൾ മോഷ്ടാക്കൾ കവർന്നത്.
പാലിയേക്കര
ടോൾ പ്ലാസയ്ക്ക് പുറകിൽ ഇടവഴിയിൽ വീട്ട് മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയുടെ മാല ബൈക്കിൽ എത്തിയ സംഘം കവർന്നു. വില്ലേടൻ തങ്ക (78)യുടെ രണ്ട് പവന്റെ മാലയാണ് കവർന്നത്. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. വീട്ടു മതിലിൽ നിന്നും പാൽ കുപ്പി എടുക്കാൻ വന്ന തങ്കയുടെ അടുത്തേയ്ക്ക് ഒരാൾ എത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ റോഡിലേക്ക് ഓടിയ തങ്കയെ ഇയാൾ ബലമായി പിടികൂടി കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്നീട് തങ്കയുടെ മൂക്കും വായയും പൊത്തി പിടിച്ചതിന് ശേഷം കയ്യിലെ വളകൾ ഉൗരാൻ ശ്രമിച്ചു.
ഇതിനിടെ തങ്കയെ മർദിച്ച് റോഡിലേക്ക് തള്ളി ഇടുകയായിരുന്നു. തങ്ക ഒച്ച വെച്ചതിന് തുടർന്ന് ഇയാൾ കൂടെയുണ്ടായിരുന്ന ആളുടെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ഓടിച്ചയാൾ ഹെൽമെറ്റ് ധരിച്ചിരുന്നതായും തങ്കയെ ആക്രമിച്ചയാൾ കറുത്ത നിറവും തടിച്ച പ്രകൃതക്കാരനായിരുന്നു. മാലയിൽ ഉണ്ടായിരുന്ന താലിയും ഏലസും പിന്നീട് സമീപത്ത് നിന്ന് കണ്ടുടുത്തു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചാലക്കുടി
സെന്റ് ജെയിംസ് ആശുപത്രിയുടെ സമീപത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് രണ്ടേക്കാൽ പവന്റെ സ്വർണമാല ബൈക്കിൽ വന്ന മോഷ്ടാവ് പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു. ട്രാംവേ റോഡിൽ താമസിക്കുന്ന ലിസി എന്ന സ്ത്രീയുടെ മാലയാണ് കവർന്നത്. ഇന്നുരാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
സെന്റ് ജെയിംസ് ആശുപത്രിയിലെ പള്ളിയിലേക്ക് കുർബാനയ്ക്കുപോകുന്പോഴായിരുന്നു സംഭവം. ബൈക്കിൽ രണ്ടുപേർ ഉണ്ടായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. നു