തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ ജനുസിൽപ്പെട്ട മലന്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്ലാസ്മോഡിയം ഓവേൽ ജനുസിലുള്ള രോഗാണുവിൽ നിന്നുള്ള മലേറിയ ബാധയാണിത്.
കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു സൈനികനിലാണ് രോഗം കണ്ടെത്തിയത്. സൈനികൻ സുഡാനിൽനിന്ന് നാട്ടിലെത്തിയതായിരുന്നു.
ഒഴിവാക്കാൻ സമയബന്ധിതമായ ചികിത്സ നടത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ ഈ ഈ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് മന്ത്രി അറിയിച്ചു.
സൈനികന് രോഗം കണ്ടെത്തിയ ഉടൻ തന്നെ മാർഗരേഖ പ്രകാരമുള്ള സന്പൂർണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഈർജിതമാക്കുകയും ചെയ്തതിനാൽ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാൻ സാധിച്ചുവെന്ന മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്മോഡിയം ഓവേൽ രോഗാണു പരത്തുന്ന മലന്പനി റിപ്പോർട്ട് ചെയ്ത് വരുന്നത്. ഫാൽസിപ്പാരം മലന്പനിയുടെ അത്ര മാരകമല്ല ഓവേൽ കാരണമാകുന്ന മലന്പനിയെന്നും മറ്റ് മലന്പനി രോഗങ്ങൾക്ക് സമാനമായ ചികിത്സയാണ് ഓവേൽ കാരണമാകുന്ന മലന്പനിക്കും നൽകുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ അപൂർവമായാണ് ഇത്തരം ജനുസിൽപ്പെട്ട മലന്പനി റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്സ്, ഫാൽസിപ്പാരം എന്നീ രോഗാണുക്കളാണ് മലന്പനിയ്ക്ക് കാരണമായി കണ്ടുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.