തൃശൂർ: നാലു മാസത്തിനുള്ളിൽ ജില്ലയിൽ പത്തുപേർക്കു മലന്പനി കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്. ഒരു സ്ത്രീയടക്കം പത്തു പേർക്കാണ് രോഗം കണ്ടെത്തിയത്. രോഗം തടയാൻ മലന്പനി നിവാരണ യജ്ഞം തുടങ്ങിയതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലോക മലന്പനി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികളും ബോധവത്കരണവും നടത്തി. റെയിൽവേ സ്റ്റേഷനിൽ പ്രദർശനം സംഘടിപ്പിച്ചു. 2020ഓടെ കേരളത്തിൽനിന്നു മലന്പനി നിർമാർജനം ചെയ്യാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
മലന്പനി ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽനിന്ന് ജോലിക്കും മറ്റും വന്നവർ താമസിക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ പരിശോധനകളും മറ്റും നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സതീശൻ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മലന്പനി കണ്ടെത്തിയാലുടൻ റിപ്പോർട്ടു ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ചെയ്യാതിരുന്നാൽ ബന്ധപ്പെട്ട ഡോക്ടർക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നല്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.