പാലക്കാട്: കോരിച്ചൊരിയുന്ന മഴ ദുരിതക്കെടുതി തീർക്കുന്പോളും പാലക്കാട്ടുകാരുടെ കണ്ണുംകാതും മലന്പുഴ ഡാമിലേക്കാണ്. വർഷങ്ങൾക്കുശേഷം മലന്പുഴ ഡാം തുള്ളിതുളുന്പാൻ പോകുകയാണ്. കാലവർഷം ഇതേ രീതിയിൽ തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽതന്നെ ആ കാഴ്ച സഫലമാകും.
ഇന്നലത്തെ കണക്കുപ്രകാരം മലന്പുഴ ഡാമിൽ 113.57 മീറ്ററാണ്. അതായത് ഡാം നിറഞ്ഞ് ഷട്ടർ തുറക്കാൻ ഒന്നോ രണ്ടോ മീറ്റർമാത്രം ഉയർന്നാൽ മതി. 115 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. അടികണക്കിൽ 377.5 സംഭരണശേഷി. ഡാം തുറന്നാൽ ഷട്ടറുകളിലൂടെ കുതിച്ചെത്തുന്ന ജലം കൽപ്പാത്തിപുഴവഴി ഭാരതപ്പുഴയിലെത്തും. ഇതോടൊപ്പം കൽപ്പാത്തിയിലും ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരുകയുംചെയ്യും.
ഇതിനാൽ നിലവിൽ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുമുണ്ട്. ജലനിരപ്പ് 113 മീറ്ററിലെത്തുന്പോഴത്തെ ആദ്യ മുന്നറിയിപ്പും നൽകി കഴിഞ്ഞു. 114 മീറ്ററിലെത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പും നൽകും. പിന്നീട് ഏതുസമയവും ഷട്ടറുകൾ തുറക്കാം. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയുള്ളതിനാൽ ഷട്ടർ തുറക്കൽ അടുത്തദിവസങ്ങൾക്കുള്ളിലുണ്ടാവും. ഇതിന് മുന്പ് 2014 ലാണ് ഡാംനിറഞ്ഞത്.
2011,2013 വർഷങ്ങളിൽ ഡാമിലെ ജലനിരപ്പ് താരതമ്യേന മെച്ചപ്പെട്ടിരുന്നുവെങ്കിലും നിറഞ്ഞിരുന്നില്ല.തുലാവർഷവത്തിലും ഇടവപ്പാതിയിലും വേണ്ടത്ര മഴ ലഭിക്കാതിരുന്നതാണ് അന്ന് വിനയായത്.എന്നാൽ ഇപ്പോൾ ഇടവപ്പാതിമുതൽതന്നെ ശക്തമായമഴ ലഭിച്ചത് നിറസമൃദ്ധിക്ക് ആക്കം കൂട്ടുകയാണ്.
അതിനാൽ ഓണത്തിനു മുന്പേ ഡാം തുറക്കുമെന്നതിൽ സംശയമില്ല. മലന്പുഴയിലെ ജലസമൃദ്ധി കണ്നിറയെ കണ്ടാസ്വദിക്കാൻ വിനോദസഞ്ചാരികളുടെ തിരക്കും വർധിച്ചിട്ടുണ്ട്. വെള്ളത്തിലിറങ്ങുന്നതും മറ്റും അധികൃതർ കർശനമായി നിരോധിച്ചിട്ടുമുണ്ട്. അവധിദിവസങ്ങളിൽ മലന്പുഴയിലേക്ക് സന്ദർശകപ്രവാഹംതന്നെയാണ്. ഇനി ഡാം തുറക്കുകകൂടി ചെയ്താൽ സന്ദർശകരുടെ തിരക്കേറുമെന്നതിൽ സംശയമില്ല. കൽപ്പാത്തിപുഴയിൽ ഇന്നലെയും ജലനിരപ്പ് ഉയർന്നത് തീരവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്