പാലക്കാട്: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാലും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.
ഒരടി വീതമാണ് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടർന്ന് കൽപ്പാത്തി, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശ്രീലങ്കയ്ക്ക് സമീപം വെള്ളിയാഴ്ച രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മലന്പുഴയിലെ ജലനിരപ്പ് താഴ്ത്താൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മലന്പുഴ ഡാമിലെ വെള്ളം നിയന്ത്രണ വിധേയമാക്കുന്നതിനാണ് നാല് ഷട്ടറുകളും ഉയർത്തിയത്.