പാലക്കാട്: സംസ്ഥാന ജലവിഭവ വകുപ്പ്, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മലന്പുഴഡാം പരിസരത്ത് നടപ്പാക്കുന്ന ഉദ്യാന നവീകരണ- വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്നുവൈകുന്നേരം അഞ്ചിന് ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.
പുതിയതായി ആരംഭിക്കുന്ന ഫോട്ടോഗാലറി, സെൽഫി പോയിന്റ്, നവീകരിച്ച പിക്നിക് ഹാൾ, റോഡ് നിർമാണം എന്നിവയുടെ ഉദ്ഘാടനവും വികസന നവീകരണ നയപ്രഖ്യാപനവും പരിപാടിയിൽ നടക്കും. മലന്പുഴ ഉദ്യാനത്തിൽ നടക്കുന്ന പരിപാടിയിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലന്പുഴ എംഎൽഎയുമായ വി.എസ്.അച്യുതാനന്ദൻ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടർ ഡി.ബാലമുരളി, ഡിടിപിസി സെക്രട്ടറി കെ.ജെ.അജേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഡിടിപിസി ഡെപ്യൂട്ടി ഡയറക്ടർ എ.ആർ സന്തോഷ് ലാൽ, മലന്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എസ്.എസ്. പത്മകുമാർ, രാഷ്ട്രീയപ്പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പാലക്കാട്: ഡാമിന് തറക്കല്ലിട്ടത് മുതൽ ഇതുവരെയുള്ള ചരിത്രം പറയുന്ന ചിത്രങ്ങൾ ഉൾക്കൊളളിച്ചാണ് മലന്പുഴ ഉദ്യാനത്തിൽ ഫോട്ടോഗ്യാലറി സജ്ജമാക്കിയിരിക്കുന്നത്. ഡി.ടി.പി.സി. അനുവദിച്ച 2.7 ലക്ഷം രൂപ വകയിരുത്തി ഡാമിന്റെ പവലിയൻ ഹാളിൽ സജ്ജമാക്കിയ ഗ്യാലറിയിൽ ഡാമിന്റെ ചരിത്രവുമായി ബന്ധപ്പെട്ട 330 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
1957-60 കാലഘട്ടം മുതൽ 2018 വരെയുള്ള ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങളാണ് ഗ്യാലറിയിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. മദ്രാസ് സർക്കാരിന്റെ ഭാഗമായിരുന്ന അണക്കെട്ടിന്റെ തറക്കല്ലിടൽ പരിപാടിയിൽ അന്നത്തെ ഭരണകർത്താക്കളായിരുന്ന ജവഹർലാൽ നെഹ്റു, കാമരാജ്, എന്നിവർ പങ്കെടുത്ത ചിത്രങ്ങൽ ഗ്യാലറിയിൽ കാണാം.
ഡാമിന്റെ നിർമാണ പ്രവൃത്തികൾ, വിവിധ സിനിമകളുടെ ഷൂട്ടിങ്, ഡാമിന്റെ വികസന പ്രവർത്തനങ്ങൾ, ഡാമിന്റെ ഉപരിതല ദൃശ്യം, അണക്കെട്ടിലൂടെ വെള്ളം ഒഴുക്കുന്ന ദൃശ്യങ്ങൾ, പുതുതായി ആരംഭിച്ച ടെലസ്കോപ്പ് ഉദ്ഘാടനമുൾപ്പെടെയുള്ള ചിത്രങ്ങളും ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സന്ദർശകർക്ക് അഞ്ചു രൂപ ഫീസ് നൽകി ഗ്യാലറി സന്ദർശിക്കാം. സഞ്ചാരികൾക്കായി സെൽഫി കോർണറും മറ്റ് സൗകര്യങ്ങളും മലന്പുഴ ഡാമിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാൻ സന്ദർശകർക്കായി രണ്ടു സെൽഫി കോർണറുകൾ ഉദ്യാനത്തിൽ ഡാമിനോട് ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്.
ഡി.ടി.പി.സിയുടെ ഫണ്ടിൽ നിന്നും 1.2 ലക്ഷം ചെലവഴിച്ചാണ് സെൽഫി കോർണറുകൾ പൂർത്തിയാക്കിയത്. വാഹനങ്ങളുടെ സുഗമമായ പാർക്കിങ്് ഏരിയ, ഗാർഡന് സമീപമുള്ള റോഡ് നവീകരണത്തിനുമായി 25.5 ലക്ഷവും പിക്നിക് ഹാൾ നവീകരണ പ്രവൃത്തികൾക്കായി ജലസേചന വകുപ്പ് എട്ട് ലക്ഷവുമാണ് ചെലവഴിച്ചത്.