മലന്പുഴ : മലന്പുഴയെ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമാക്കാനുള്ള പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നതായി മലന്പുഴ എംഎൽഎയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ.മലന്പുഴ ഉദ്യാനത്തിൽ ഫോട്ടോ ഗ്യാലറി, സെൽഫി പോയിന്റ്, നവീകരിച്ച പിക്നിക്ക്ഹാൾ, പാർക്കിങ് ഏരിയ, നവീകരിച്ച റോഡ് സമർപ്പണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലന്പുഴയുടെ മുഖച്ഛായ മാറ്റുന്ന നിർമ്മാണ പ്രവർത്തികളാണ് നടന്നുവരുന്നത്. മലന്പുഴയുടെയും പാലക്കാടിന്റെയും ചിരകാലസ്വപ്നമായ റിങ്റോഡിന് മയിലാടി പുഴയിലെ പാലം പണി പൂർത്തീകരിക്കേണ്ടതുണ്ട്. വികസനപ്രവർത്തനങ്ങൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കണം.സാങ്കേതിക തടസങ്ങൾ വികസനത്തെ ബാധിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.
രണ്ടുകോടിരൂപ ചിലവിൽ മലന്പുഴയിൽ നടപ്പാക്കുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി ഡിസംബറിൽ പൂർത്തീകരിക്കണം. ചടങ്ങിൽ ജലവിഭവമന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. മലന്പുഴ റിങ് റോഡ് ,പാലം തുടങ്ങിയ പദ്ധതികളിലെ തടസം നീക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽത്തന്നെ ആരംഭിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി യോഗത്തിൽ അറിയിച്ചു.
20000 ഏക്കർ പ്രദേശമാണ് മലന്പുഴയെ ആശ്രയിച്ചു കൃഷിചെയ്തിരുന്നത്.ഇത് 15000 ആയി കുറഞ്ഞിട്ടുണ്ട്. കുറവ്വന്ന 5000 ഏക്കറിലേക്കുള്ള വെള്ളം കേര കർഷകർക്ക് നൽകാനുള്ള ശ്രമം സർക്കാർ തുടങ്ങിയിട്ടുണ്ട്. ചെറുകിട ജലസേചന പദ്ധതികൾ സോളാർ ഉപയോഗിച്ച് പ്രാവർത്തികമാക്കി കര്ഷകന് അധികവരുമാനത്തിന് വഴിയൊരുക്കും. ജില്ലയിലെ ഡാമുകൾ മികച്ച ടൂറിസം സാധ്യതകൾ ഉള്ളതാണ്.ഇത് പ്രയോജനപ്പെടുത്താൻ എല്ലാ ഡാമുകളെയും ബന്ധിപ്പിച്ചുള്ള ബസ് സർവ്വീസ് ആലോചനയിലാണ്.
ഇറിഗേഷന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വകുപ്പിന് വരുമാനംകൂടി ലഭിക്കുന്നതരത്തിൽ ടൂറിസം പദ്ധതികൾക്ക് വിട്ടുനൽകുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഡി ബാലമുരളി, മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സദാശിവൻ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ മുരുകദാസ്, കെ പി ഷൈജ കാഞ്ചന സുദേവൻ, ഡിടിപിസി നിർവ്വാഹക സമിതി അംഗം ഗോകുൽദാസ്, ചീഫ് എൻജിനീയർ തിലകൻ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ സന്തോഷ് ലാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.