മലന്പുഴ: മലന്പുഴ കുടിവെള്ളപദ്ധതിക്കു ജലസംഭരണി നിർമിക്കാൻ അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ സ്ഥലം ഏറ്റെടുത്ത് വാട്ടർ അഥോറിറ്റിക്ക് കൈമാറാൻ ജില്ലാ കളക്ടർക്ക് സർക്കാർ ഉത്തരവുനല്‍കി. വാട്ടർ അഥോറിറ്റി ആവശ്യപ്പെടുന്ന 62 സെന്റ് സ്ഥലം ഏറ്റെടുത്ത് നല്‍കാനാണ് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്.മലന്പുഴ പഞ്ചായത്തിൽ ജലസംഭരണി നിർമിക്കാൻ ഏതാനും വ്യക്തികൾ നേരത്തെ സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്.
മരുതറോഡ് പഞ്ചായത്തിലെ രണ്ടു സ്കൂളുകളുടെ കോന്പൗണ്ടിൽനിന്ന് ജലസംഭരണി സ്ഥാപിക്കാനാവശ്യമായ സ്ഥലം ഇതോടെ ലഭ്യമായിരിക്കുകയാണ്. 75 കോടി പദ്ധതി നടപ്പാക്കുന്നതിനു ഇനി തടങ്ങളില്ല. പദ്ധതി പൂർത്തിയാകുന്നതോടെ മലന്പുഴ നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെയും കുടിവെള്ളപ്രശ്നങ്ങൾക്ക് പരിഹാരമാകും.
വി.എസ്.അച്യുതാനന്ദൻ എംഎൽഎയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ പദ്ധതി. നടപടിക്രമങ്ങൾ വേഗത്തിലാക്കന്നതിന് അദ്ദേഹത്തിന്റെ ഇടപെടലുണ്ടായിരുന്നു.2017-18 ബജറ്റിലാണ് പദ്ധതിക്കായുള്ള 75 കോടി രൂപ പ്രഖ്യാപിച്ചത്. പിന്നീട് കിഫ്ബി പദ്ധതി ഏറ്റെടുത്ത് രണ്ടു ഘട്ടങ്ങളിലായുള്ള നിർമാണത്തിന് തുക അനുവദിക്കുകയായിരുന്നു.
ആദ്യപടിയായി ജലസംഭരണി നിർമാണം പൂർത്തിയാക്കൽ, പൈപ്പിടൽ എന്നിവയാണ് ചെയ്യുക. എലപ്പുള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ നിലവിലുള്ള ജലവിതരണപദ്ധതികളുമായി മലന്പുഴ കുടിവെള്ളപദ്ധതി സംയോജിപ്പിക്കും.