മലന്പുഴ: വിനോദസഞ്ചാര രംഗത്ത് അനന്തസാധ്യതയുള്ള മലന്പുഴ ഉദ്യാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി ഒരു ബൃഹത്തായ ടൂറിസംപദ്ധതി ആരംഭിക്കാൻ ആവശ്യമായ പണം വരുന്ന ബജറ്റിൽ അനുവദിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലന്പുഴ എംഎൽഎയുമായ വി.എസ്.അച്യുതാനന്ദൻ നിർദേശിച്ചു.
ഈ നിലവാരത്തിലെ വികസന പദ്ധതി ആരംഭിക്കാൻ 100 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ തുക 2020-21 ലെ ബജറ്റിൽ വകയിരുത്തണം.
മലന്പുഴ ഉദ്യാനം ഈവിധം വികസിതമായാൽ അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസം പദ്ധതിയായും കേരളത്തിന്റെ അഭിമാന പദ്ധതിയായും മാറും. ഉപരി, ഏറെ തൊഴിൽസാധ്യതയും ഉളവാകും. ഈ പദ്ധതി നിർദേശം സംബന്ധിച്ച് വിനോദസഞ്ചാരവകുപ്പു മന്ത്രിക്ക് നേരത്തെ കത്തുകൾ നല്കിയിരുന്നു.