പാലക്കാട്: ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ടൂറിസം, ആരോഗ്യം, ജലസേചനം എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ക്ലീൻ ഗ്രീൻ പാലക്കാട് പദ്ധതിയുടെ ഭാഗമായി മലന്പുഴ ഉദ്യാനത്തിൽ ആരംഭിച്ച ശുചീകരണ പ്രവൃത്തികൾ മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മലന്പുഴ ഐടിഐയിലെ ഇരുനൂറിലധികം എൻ.എസ്.എസ്. വൊളന്റിയർമാർ ’ഫ്രീഡം ഫ്രം വേസ്റ്റ്’ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റു മാലിന്യങ്ങൾ എന്നിവ ശേഖരിച്ചിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശുചീകരണയജ്ഞത്തിനു ശേഷം നവംബർ ഒന്നിന് മലന്പുഴ ഉദ്യാനത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വാർഡുതല ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ജില്ലയിലെ പഞ്ചായത്ത് വാർഡുകളെ ഡിസംബർ എട്ടിനും ജില്ലയെ ജനുവരി 26നും മാലിന്യമുക്തമായി പ്രഖ്യാപിക്കും.
ഹരിതകേരളം സംസ്ഥാന റിസോഴ്സ്പേഴ്സണ്‍ ഡോ.കെ.വാസുദേവൻ പിള്ള അധ്യക്ഷനായി. ജില്ലാ മിഷൻ കോർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ബെനില ബ്രൂണോ, സൂപ്പർവൈസർമാരായ എം.മോഹനൻ, വി.രാധാകൃഷ്ണൻ, ഐ.ടി.ഐ പ്രിൻസിപ്പൽ സി.രതീശൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.