കോട്ടയം: കോടികൾ മറിയുന്ന മണർകാട് ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷ് ചീട്ടുകളി കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു മുന്നിൽ ഹാജരായി മൊഴി നല്കിയേക്കും.
മാലം സുരേഷ് സെഷൻസ് കോടതയിൽ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളുകയും സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസായതിനാൽ കീഴ്ക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മാലം സുരേഷിനു പോലീസ് നോട്ടീസ് നല്കിയത്. ഇയാൾ മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, മാലം സുരേഷ് എത്താൻ തയ്യാറായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കുകയായിരിക്കും പോലീസ് സ്വീകരിക്കുന്ന തുടർനടപടി. അതേസമയം ഇന്നലെ മാലം സുരേഷ് വീണ്ടും ജാമ്യാപേക്ഷ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നല്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ചീട്ടുകളി കേന്ദ്രത്തിൽ നിന്നും പോലീസ് പിടികൂടിയവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നാളുകളായി ക്ലബിൽ പണം വച്ചുള്ള ചീട്ടുകളി നടന്നിരുന്നതായി ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇതിനു പുറമേ ക്ലബിനു സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ ഏഴു പേരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇവർക്കു ക്ലബിൽ ചീട്ടുകളി നടന്നതിനെക്കുറിച്ചോ ക്ലബിൽ നടക്കുന്ന മറ്റു പ്രവർത്തനങ്ങളെക്കുറിച്ചോ ഒന്നും അറിയില്ലെന്നാണ് മൊഴി നല്കിയിരിക്കുന്നത്.
ക്ലബിൽ ചീട്ടുകളിച്ചതിനു പോലീസ് പിടികൂടിയ 43 പേരിൽ എട്ടു പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവരുടെ മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.
മൊഴി രേഖപ്പെടുത്തുന്നതിനു ഹാജരാകണമെന്ന് അറിയിച്ച ചിലർ കണ്ടെയ്ൻമെന്റ് സോണുകളിലായതിനാൽ നിലവിൽ മൊഴി നല്കാൻ എത്താനാവില്ലെന്നു പോലീസിനെ അറിയിച്ചിട്ടുണ്ട്.
മൊഴി നല്കിയവരിൽ രണ്ടുപേർ നാളുകളായി ചീട്ടുകളിച്ചിട്ടും ഒരു തവണ പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസിനോട് പറഞ്ഞു. മിക്ക ദിവസങ്ങളിലും 20,000 രൂപ ചീട്ടുകളിച്ച് നഷ്്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിക്കുമെന്നാണ് സൂചന.
അതേസമയം മാലം സുരേഷിനെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ സ്വത്തുക്കൾ സംബന്ധിച്ചും സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുരേഷിന്റെ മുഴുവൻ സ്വത്തുക്കളുടെയും സന്പാദ്യങ്ങളുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു.
കഴിഞ്ഞ 15 വർഷത്തിനിടിയിൽ വൻ വളർച്ചയാണ് മാലം സുരേഷിനുണ്ടായത്. ഇക്കാര്യങ്ങളൊക്കയാണ് സ്പെഷൽ ബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് ആഭ്യന്തരവകുപ്പിനു കൈമാറും.