പത്തനംതിട്ട: മഴക്കാടുകളിൽ മാത്രം കാണുന്ന മലമുഴക്കി വേഴാന്പ, അപ്രതീഷ അതിഥിയായി കോന്നി വെള്ളാപ്പാറയിലെ പൗർണമി വീട്ടിലെത്തി.
പൊതുവെ താഴ്ന്ന് പറക്കാത്ത വേഴാമ്പലാണ് പക്ഷി സ്നേഹികളുടെ കുടുംബത്തിന് അത്യപൂർവ കാഴ്ച സമ്മാനിച്ചത്.
വീട്ടുമുറ്റത്ത് പതിവില്ലാതെ അതിഥിയായി എത്തിയ കേരളത്തിന്റെ സംസ്ഥാന പക്ഷി വിശ്രമിക്കാനായി തെരഞ്ഞെടുത്തത് മുറ്റത്തെ മരച്ചില്ലകളല്ല, പക്ഷിസ്നേഹിയായ വിനോദിന്റെ ഭാര്യ ലക്ഷ്മിയുടെ സ്കൂട്ടറാണ്.
ഏറെ നേരം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് മുകളിൽ വിശ്രമിച്ചും വിനോദിന്റെ സ്കൂൾ വിദ്യാർഥിനിയായ നിവേദ്യയ്ക്ക് ഒരു ഫോട്ടോ എടുക്കാനവസരവും നൽകിയാണ് വേഴാമ്പൽ മടങ്ങിയത്.
കേരളത്തിന്റെയും അരുണാചൽപ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ.
കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവ കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.